നെടുമ്പാശ്ശേരിയില്‍ മൂന്ന് കോടിയുടെ ഹെറോയിന്‍ പിടികൂടി

Posted on: November 14, 2014 12:16 am | Last updated: November 14, 2014 at 12:16 am

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ ഹെറോയിന്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിഭാഗം പിടികൂടി. ഇന്നലെ പുലര്‍ച്ചെ മൂന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കുവൈത്തിലേക്ക് പോയ കുവൈത്ത് എയര്‍വെയ്‌സ് വിമാനത്തിലെ യാത്രക്കാരായ ഇടുക്കി സ്വദേശി അജിത്ത്, കണ്ണൂര്‍ സ്വദേശി ഫഹാദ് എന്നിവരുടെ കൈവശമുണ്ടായിരുന്ന ബാഗേജില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെടുത്തത്. പിടികൂടിയ ഹെറോയിന്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മൂന്ന്് കോടി രൂപയും ഗള്‍ഫില്‍ ആറ് കോടി രൂപയെങ്കിലും വിലവരും.
കുവൈത്തില്‍ ജോലി ചെയ്യുന്ന അജിത്ത് അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹെറോയിന്‍ കടത്തുവാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ എത്തിയ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇത്രയും അധികം ഹെറോയിന്‍ പിടികൂടുന്നത് ആദ്യമാണ്. കഴിഞ്ഞ മാസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും വന്‍ മയക്ക് മരുന്ന് വേട്ട നടന്നിരുന്നു. ദോഹ വഴി ദക്ഷിണാഫ്രിക്കയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വെയ്‌സില്‍ നിന്നാണ് പതിനഞ്ചുകോടി രൂപ വിലമതിക്കുന്ന 30 കിലോ മയക്ക് മരുന്ന് ആഫ്രിക്കന്‍ യുവതിയില്‍ നിന്നും പിടികൂടിയത്.
വിദേശങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ഇന്ത്യയില്‍ നിന്നുള്ള മയക്കു മരുന്നുകള്‍ക്ക് വന്‍ ഡിമാന്റ് ഉള്ളതും കുറഞ്ഞ വിലക്ക് ലഭിക്കുമെന്നതുമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്ക് മരുന്ന് കടത്തിന് പ്രേരിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കുറഞ്ഞവേതനത്തിന് ജോലി ചെയ്യുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ തേടിപ്പിടിച്ച് മോഹന വാഗ്ദാനം നല്‍കിയാണ് മയക്ക് മരുന്ന് കടത്തിന് പ്രേരിപ്പിക്കന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കാന്‍ കൊടുക്കുന്ന പൊതികളിലൂടെയും മയക്കുമുരുന്ന് കടത്തുവാന്‍ ശ്രമിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.