Connect with us

Gulf

അഡിപെക് കാണാന്‍ ജനത്തിരക്ക്

Published

|

Last Updated

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന അബുദാബി രാജ്യാന്തര പെട്രോളിയം പ്രദര്‍ശനവും സമ്മേളനവും (അഡിപെക് 2014) നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നൂറുകണക്കിനാളുകളെ ആകര്‍ഷിക്കുന്നു. യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് അഡിപെക് 2014 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട് ചെയര്‍മാന്‍ ശൈഖ് ഹാമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ഡയറക്ടര്‍ ജനറല്‍ അബ്ദുല്ലാ നാസര്‍ അല്‍ സുവൈദി എന്നിവരും പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം അഡ്‌നോക്കിന്റേതുള്‍പ്പെടെ വിവിധ പവിലിയനുകള്‍ ശൈഖ് ഹസ്സ സന്ദര്‍ശിച്ചു. എണ്ണ, വാതക ഉല്‍പാദന- വിതരണ രംഗത്തെ ഒട്ടേറെ നൂതന സാങ്കേതികവിദ്യകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
അടുത്ത 30 വര്‍ഷത്തെ വെല്ലുവിളികളും സാധ്യതകളും എന്ന ശീര്‍ഷകത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം പ്രദര്‍ശനം നടക്കുന്നത്. എണ്ണ ഉല്‍പാദന- വിതരണ രംഗത്തെ എല്ലാ വിഭാഗം പ്രഫഷനലുകളും വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനമാണെന്നതാണ് പ്രത്യേകത.
ശാസ്ത്ര-സാങ്കേതികമായ കാര്യങ്ങള്‍ക്കായുള്ള ഒത്തുചേരലുകള്‍, മിനിസ്റ്റീരിയല്‍ പാനല്‍ സമ്മേളനം, എക്‌സിക്യൂട്ടീവ് പാനല്‍ സമ്മേളനം, പഠന ഗവേഷണ സമ്മേളനം, വിവര സാങ്കേതിക സുരക്ഷിതത്വ സമ്മേളനം എന്നിവയോടെയാണ് എണ്ണ-വാതക പ്രഫഷണലുകള്‍ ഒത്തുചേരുന്ന സമ്മേളനം.
സാങ്കേതികവും ഭരണപരവുമായ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. രണ്ടായിരത്തിലധികം പ്രദര്‍ശന കമ്പനികള്‍ ആയിരത്തിലധികം എണ്ണ വാതക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
98 രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വാതക മേഖലയിലെ പ്രഫഷണലുകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. നാളെ വൈകുന്നേരം അഞ്ചിന് രാജ്യാന്തര പെട്രോളിയം പ്രദര്‍ശനവും സമ്മേളനവും സമാപിക്കും.

 

Latest