ദേശീയ ദിനം: നിയമ ലംഘകര്‍ക്ക് 2,000 ദിര്‍ഹം പിഴ

Posted on: November 13, 2014 7:00 pm | Last updated: November 13, 2014 at 7:59 pm

അബുദാബി: നാഷനല്‍ ഡേയുടെ ഭാഗമായി ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. 43ാമത് നാഷനല്‍ ഡേ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയാണ് ആഘോഷങ്ങളുടെ മറവില്‍ വാഹനങ്ങളുമായി അഭ്യാസങ്ങള്‍ക്കിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് പിഴക്കൊപ്പം 12 ബ്ലാക്ക് പോയന്റും ചുമത്തും. നാഷനല്‍ ഡേ പ്രമാണിച്ച് ഗതാഗത നിയമലംഘനങ്ങള്‍ പരമാവധി കുറക്കാന്‍ ലക്ഷ്യമിട്ട് സമഗ്രമായ പദ്ധതിയാണ് ട്രാഫിക്‌സ് ആന്‍ഡ് പട്രോള്‍സ് വിഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്. നിയമലംഘനങ്ങള്‍ നടത്താതെ ദേശീയ ദിനം ആഘോഷിക്കൂവെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അബുദാബി പോലീസ് രംഗത്തിറങ്ങുന്നത്.
പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ പട്രോളിംഗ് വര്‍ധിപ്പിക്കുമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി വ്യക്തമാക്കി. അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളിലാവും പോലീസ് സജീവ സാന്നിധ്യമായി റോഡിലുണ്ടാവുക. ഇതിന് പുറമേ റോഡുകളില്‍ സ്ഥാപിച്ച റഡാര്‍ സംവിധാനവും അമിത വേഗം ഉള്‍പെടെയുള്ള നിയമലംഘനങ്ങളെ നിയന്ത്രിക്കാന്‍ ജാഗ്രതയോടെ ഉണ്ടാവുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നാഷ്‌നല്‍ ഡേയുടെ ഭാഗമായി വാഹനങ്ങള്‍ അണിയിച്ചൊരുക്കുന്നതിലും ഡയറക്ടറേറ്റ് പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 22 മുതല്‍ അടുത്ത മാസം ആറു വരെയാണ് ദേശീയ ദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ രാജ്യത്ത് നടക്കുക.