അട്ടപ്പാടി: സി പി ഐ സമരം പിന്‍വലിച്ചു; സി പി എം തുടരും

Posted on: November 13, 2014 12:56 am | Last updated: November 13, 2014 at 1:58 pm

പാലക്കാട്: നവജാത ശിശുമരണം തുടര്‍ച്ചയായ അട്ടപ്പാടിയില്‍ ആദിവാസി മഹാസഭാ വനിതാ നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഈശ്വരീരേശന്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചതായി അട്ടപ്പാടി മണ്ഡലം കമ്മിറ്റി അറിയിച്ചു.
നിരാഹാരം തുടങ്ങി നാലാം ദിവസമായ ഇന്നലെ മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രി കെ സി ജോസഫ് സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജുമായും തുടര്‍ന്ന് നിരാഹാരമിരിക്കുന്ന ഈശ്വരീരേശനുമായും നടത്തിയ ചര്‍ച്ചയില്‍ സിപിഐ ആവശ്യപ്പെട്ട പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതായി അറിയിക്കുകയായിരുന്നു. അതേസമയം എം ബി രാജേഷ് എംപി നടത്തുന്ന നിരാഹാരസമരം നാലാംദിവസത്തിലേക്ക് പ്രവേശിച്ചു.
അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ചെറിയാന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ രാജേഷിനെ പരിശോധിച്ചു. കണ്ണ്രോഗത്തിന് ശമനമായി. മൂത്രപരിശോധനയില്‍ അസ്‌റ്റോണിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. അതിനാല്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് നോട്ടീസ് നല്‍കി. ഗ്ലൂക്കോസ് നല്‍കണമെന്നും നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശം രാജേഷ് നിരസിച്ചു.
അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായ നിവേദനം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതില്‍ എന്തൊക്കെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ നിരാഹാരം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുകയുള്ളുവെന്ന് രാജേഷ് പറഞ്ഞു. മന്ത്രി കെ സി ജോസഫ് േഫാണില്‍ രാജേഷുമായി ബന്ധപ്പെട്ട് നിരാഹാരസമരത്തില്‍നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ചു. കലക്ടര്‍ കെ രാമചന്ദ്രന്‍ സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രനുമായി ഫോണില്‍ സംസാരിച്ചു.