Connect with us

Wayanad

വന്യജീവികളുടെ ആക്രമണം പതിവായി: വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനം ഭീതിയില്‍

Published

|

Last Updated

കല്‍പ്പറ്റ :വന്യജീവികളുടെ ആക്രമണത്തില്‍ പുല്‍പള്ളി മേഖലയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണേമേറുന്നു. കാര്യമ്പാതിക്കുന്ന് തടത്തില്‍ ജോയി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.
നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് പാക്കത്ത് റിന്‍സി എന്ന വിദ്യാര്‍ഥിനി പട്ടാപകല്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇരുളം ചാത്തമംഗലത്ത് കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന വേങ്ങച്ചുവട്ടില്‍ കുട്ടി (75) എന്ന വൃദ്ധ കര്‍ഷകനെ സമീപ വനത്തില്‍ നിന്നെത്തിയ കാട്ടുപോത്ത് കൊലപ്പെടുത്തി. ഏതാനും മാസങ്ങള്‍ക്കുമുമ്പ് വാകേരി മൂടക്കൊല്ലിയില്‍ രാവിലെ പാലളക്കാന്‍ സൊസൈറ്റിയിലേക്ക് പോകുകയായിരുന്ന രജീഷ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്ന സംഭവവും ഉണ്ടായി. ഇതിനുപുറമെ പാടിച്ചിറയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാന കര്‍ണാടകത്തില്‍ നിന്നുള്ള കര്‍ഷക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളേയും ആന ചവിട്ടിക്കൊന്നിരുന്നു.
കടുവയും പുലിയും നിരന്തരം നാട്ടിലിറങ്ങി പശു, ആട് എന്നിവയെ ആക്രമിച്ചുകൊന്ന സംഭവങ്ങളുമുണ്ട്. ഇരുളം, ചീയമ്പം 73, വണ്ടിക്കടവ്, കൊളവള്ളി, പാക്കം, ചേകാടി, കാപ്പിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷിടങ്ങളില്‍ പലപ്പോഴും വന്യ മൃഗങ്ങളുടെ സംഹാര താണ്ഡവമാണ്. എന്നാല്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കോ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതര്‍ക്കോ, ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് കാര്യമായ സഹായങ്ങള്‍ ലഭിക്കാത്തതും ജനജീവിതം ദുസ്സഹമാക്കുന്നു.
കഴിഞ്ഞ ദിവസം മുടിക്കോട്ട് ഡാം കാണാന്‍ സുഹൃത്തിനൊപ്പം പോകവേയാണ് ആനയുടെ ആക്രമണത്തില്‍ ജോയി കൊല്ലപ്പെട്ടത്. സുഹൃത്ത് ചന്ദ്രന്‍ ആനയുടെ മുന്നില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.ചന്ദ്രന്‍ നാട്ടിലെത്തി സംഭവം പുറത്ത് പറഞ്ഞതിനെത്തുടര്‍ന്ന് വനപാലകരടക്കം തിരച്ചില്‍ ഊര്‍ജിതമാക്കി. രാത്രി വൈകി വരെ തിരച്ചില്‍ തുടര്‍ന്നു. ഇന്നലെ രാവിലെയാണ് വനാതിര്‍ത്തിയില്‍ നിന്നും 500 മീറ്റര്‍ അകലെ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
ജോയിയുടെ ശരീരത്താകമാനം പരിക്കേറ്റിരുന്നു. കാലുകള്‍ ഒടിഞ്ഞ നിലയിലാണ്. ചെതലയത്ത് റേഞ്ച് ഓഫീസര്‍ പി രഞ്ജിത്, ഫോറസ്റ്റര്‍മാരായ മുസ്തഫ, ശശി പഞ്ചായത്തംഗങ്ങളായ സജി പെരുമ്പില്‍, സിന്ധു സുരേഷ്, പി.എന്‍.ശിവന്‍, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നല്‍കി.
പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ വനാതിര്‍ത്തി പ്രദേശങ്ങളെല്ലാം വന്യ ജീവി ഭീഷണിയിലാണ്. ആനയുടേയും കാട്ടുപോത്തിന്റെയും, കാട്ടുപന്നിയുടേയും ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്. വനാതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരെല്ലാം ഭീതിയിലാണിന്ന്. പകല്‍ പോലും വന്യ ജീവികള്‍ നാട്ടിലിറങ്ങുന്നു. ഓരോ ദിവസവും ലക്ഷങ്ങളുടെ കൃഷിനാശമാണ് ആനയടക്കമുള്ള മൃഗങ്ങള്‍ ഉണ്ടാക്കുന്നത്. കര്‍ണാടക വനത്തോട് ചേര്‍ന്ന പഞ്ചായത്തുകളാണ് പുല്‍പള്ളിയും മുള്ളന്‍കൊല്ലിയും. അതിര്‍ത്തി വനങ്ങളില്‍ നിന്നും മൃഗങ്ങള്‍ വയനാടന്‍ കാട്ടിലേക്ക് വ്യാപകമായി ചേക്കേറുന്നുണ്ട്. രണ്ടാഴച മുമ്പ് ഇരുളത്തും ചേകാടിയിലും കടുവ നിരവധി ആടുകളെ കൊലപ്പെടുത്തിയിരുന്നു.കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കോ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതര്‍ക്കോ അധികൃതരില്‍ നിന്നും കാര്യമായ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വന്യജീവി ശല്യത്തിനെതിരെ നിരന്തരം സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാര്യമായ പരിഹാരമുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Latest