തീരദേശം പുലിപ്പേടിയില്‍: പറവണ്ണയില്‍ അജ്ഞാത ജീവി ആടുകളെ കൊന്നു

Posted on: November 13, 2014 10:13 am | Last updated: November 13, 2014 at 10:13 am

തിരൂര്‍: പറവണ്ണയില്‍ പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവി ആടുകളെ കടിച്ച് കൊന്ന നിലയില്‍. പറവണ്ണ എം ഇ എസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ചാത്തേരി പറമ്പില്‍ സക്കീനയുടെ വീട്ടിലെ രണ്ട് ആടുകളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. കൂടിന്റെ പലക ഇളക്കിയാണ് ആടുകളെ കൊലപ്പെടുത്തിയത്. ആടിന്റെ പകുതി ഭാഗം മാത്രമായിരുന്നു കൂടിന് സമീപം കണ്ടെത്തിയത്. മറ്റൊരാടിന്റെ കഴുത്തിന് കടിയേറ്റിട്ടുണ്ട്. പരിസരത്തായി രണ്ട് നായകളെയും അജ്ഞാത ജീവിയുടെ കടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് അജ്ഞാത ജീവിയുടെ ശബ്ദം വീട്ടുകാര്‍ കേട്ടിരുന്നു. എന്നാല്‍ മഴ കാരണം പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെയാണ് ആടുകള്‍ ചത്ത നിലയില്‍ കാണുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന അജ്ഞാത ജീവിയുടെ കാല്‍പാടുകള്‍ പരിസരത്ത് നിന്നും കണ്ടെത്തി പ്രത്യേകം അടയാളപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് പറവണ്ണയിലെ ഒരു വീട്ടില്‍നിന്ന് ഏഴ് കോഴികളെ അജ്ഞാത ജീവി കൊന്നിരുന്നു. വാടിക്കല്‍, വാക്കാട്, ആലിന്‍ചുവട്, നിറമരുതൂര്‍, തിരൂര്‍ പൊറ്റിലത്തറ എന്നിവിടങ്ങളിലും പുലിയെ കണ്ടതായി അഭ്യൂഹം ഉയര്‍ന്നിരുന്നു. പോലീസും വനംവകുപ്പും പുലിയെ പിടിക്കാന്‍ മണ്ണാര്‍ക്കാട് നിന്നും കൊണ്ട് വന്ന കെണിക്കൂട് സജ്ജീകരിച്ചിട്ടുണ്ട്.
കാലവര്‍ഷക്കെടുതി;