Connect with us

Malappuram

തിരൂരില്‍ 18.85 കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതി

Published

|

Last Updated

തിരൂര്‍: നിയോജക മണ്ഡലത്തിലെ 22 കിലോമീറ്റര്‍ നീളം വരുന്ന കുട്ടികളത്താണി -ഏഴൂര്‍ -വൈരങ്കോട് -പട്ടര്‍നടക്കാവ് – കഞ്ഞിപ്പുര റോഡ് വീതി കൂട്ടി റബ്ബറൈസ് ചെയ്യുന്നതിന് 18.85 കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതിക അനുമതി. മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളെ കുറിച്ച് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞുമായും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായും സി മമ്മുട്ടി എം എല്‍ എ തിരുവനന്തപുരത്ത് നടത്തിയ യോഗത്തിലാണ് തീരുമാനം.
തിരൂരിലെ താഴെപ്പാലത്തിന് സമാന്തരമായി 4.5 കോടി ചിലവില്‍ നിര്‍മിക്കുന്ന പാലം ടെന്‍ഡര്‍ ചെയ്തതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. ഇത് കൂടാതെ തിരൂര്‍ നഗരത്തിലെ പയ്യനങ്ങാടി, ശ്രമദാനം പഴം കുളങ്ങര റോഡും കടുങ്ങാകത്തുകുണ്ട് എടരിക്കോട് റോഡിലെ വളവന്നൂര്‍ പഞ്ചായത്തില്‍ നിന്നും ആരംഭിക്കുന്ന തിരൂര്‍ നിയോജക മണ്ഡലത്തിലെ ഭാഗവും രണ്ടത്താണി- കുറുകത്താണി – വാരിയത്ത് റോഡിലെ തിരൂര്‍ നിയോജ മണ്ഡലത്തിലെ ഭാഗവും എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നന്നാക്കും. ഇതിനുള്ള എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 48 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന തിരുന്നാവായ- തവനൂര്‍ പാലം പണിക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വ്വേ നടപടി പൂര്‍ത്തിയായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് പണം നല്‍കുന്നത് സംബന്ധിച്ച് ജില്ലാതല പര്‍ച്ചേഴ്‌സ് കമ്മറ്റി ഉടന്‍ ചേര്‍ന്ന് നടപടി ക്രമം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
14 കോടി ചിലവഴിച്ച് നിര്‍മിക്കുന്ന കൂഞ്ഞൂലിക്കടവ് പാലത്തിന്റെ സാങ്കേതിക തടസം ഒഴിവാക്കുവാനും ഉണ്ടെന്ന് പറയപ്പെടുന്ന കണ്ടല്‍കാടുകള്‍ മാറ്റി നടാനും മൂന്ന് ആഴ്ചക്കകം തന്നെ ടെന്‍ഡര്‍ ചെയ്യാനുള്ള അടിയന്തിര നടപടി സ്വീകരിക്കും. പി.ഡബ്ലു.ഡി പണം നല്‍കിയ തിരൂരിലെ നിലവിലുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വീതി കൂട്ടാനുള്ള പ്രവൃത്തി സംബന്ധിച്ചും മുത്തൂരിലെ പുതിയ റെയില്‍ വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ റെയിവേയോട് ആവശ്യപ്പെടും.
കരാര്‍ എടുത്തിട്ടും പണി ആരംഭിക്കാത്ത വെട്ടിച്ചിറ – കാട്ടിലങ്ങാടി റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ കരാറു കാരനോട് നിര്‍ദ്ദേശിക്കാനും തയ്യാറാകാത്ത പക്ഷം റീ ടെന്‍ഡര്‍ ചെയ്യാന്‍ ന്‍ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമെന്നും എം എല്‍ എ അറിയിച്ചു.