കായിക അധ്യാപക നിയമനം: ഉത്തരവ് പിന്‍വലിച്ചു

Posted on: November 13, 2014 12:52 am | Last updated: November 13, 2014 at 12:52 am

തിരുവനന്തപുരം: മറ്റു വിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യത നേടിയ അധ്യാപകരെ കായിക അധ്യാപകരായി നിയമിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബും പൊതുവിദ്യാഭ്യാസ ഡയറക്ടറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തസ്തിക നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ അധികമായി കണ്ടെത്തിയ കലാകായിക അധ്യാപകരുടെ പുനര്‍വിന്യാസം നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കലാകായിക മേളകള്‍ നടക്കുന്നതിനാലാണ് തീരുമാനം. ഈ അധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നേരത്തെ, മറ്റ് വിഷയങ്ങളില്‍ യോഗ്യത നേടിയ അധ്യാപക ബേങ്കിലുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയ ശേഷം കായിക അധ്യാപകരാക്കി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇതിനെതിരെ കായിക അധ്യാപകര്‍ ശക്തമായി പ്രതിഷേധിച്ച സാഹചര്യത്തിലാണ് തീരുമാനം. വിവിധ ജില്ലകളിലേയും സബ്ജില്ലകളിലേയും കായിക മേളകള്‍ അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയിരുന്നു.
അയ്യായിരം അധ്യാപകരെയാണ് എസ് എസ് എ ഫണ്ട് ഉപയോഗിച്ച് പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിരുന്നത്. കലാകായിക അധ്യാപകരെ അശാസ്ത്രീയമായി പുനര്‍വിന്യസിക്കാനുള്ള നടപടി വലിയ എതിര്‍പ്പിനിടയാക്കിയിരുന്നു.
തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 7627 അധ്യാപകര്‍ അധികമായുണ്ടെന്നാണ് കണ്ടെത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ 6977 പേരും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 650 പേരും അധികമായുണ്ടെന്ന് കണ്ടെത്തിയിരുന്നു. യു ഐ ഡി രേഖകള്‍ അനുസരിച്ചാണ് തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കിയത്. 12000 അധ്യാപകര്‍ ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്ന അനുപാതത്തില്‍ ക്രമീകരിച്ചതിനെത്തുടര്‍ന്നാണ് 7627 ആയി ചുരുങ്ങിയത്.