ആണവ റിയാക്ടര്‍ നിര്‍മാണത്തിന് ഇറാന് റഷ്യയുടെ സഹായം

Posted on: November 13, 2014 12:51 am | Last updated: November 12, 2014 at 11:51 pm

മോസ്‌കോ: പുതിയ രണ്ട് ആണവ റിയാക്ടറുകള്‍ നിര്‍മിക്കാന്‍ ഇറാന് റഷ്യയുടെ സഹായം. ഇറാനുമായി ഇന്നലെ ഇതുമായി ബന്ധപ്പെട്ട കരാറില്‍ റഷ്യ ഒപ്പ് വെച്ചു. ഇറാന്റെ ബുഷഹ്ര്‍ പ്രദേശത്തുള്ള ആണവ പദ്ധതി പ്രദേശത്താണ് പുതിയ രണ്ട് ആണവ റിയാക്ടറുകള്‍ കുടി സ്ഥാപിക്കുക. 1,000 മെഗാവാട്ട് ശേഷിയുള്ള ആണവ റിയാക്ടറുകള്‍ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. റഷ്യയിലെ റോസറ്റോം കോര്‍പ്പറേഷനാണ് ഈ ആണവ റിയാക്ടറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നത്. പുതിയ കരാറനുസരിച്ച്, ഇറാനിലെ ആണവ റിയാക്ടറുകളുടടെ എണ്ണം എട്ടാക്കി ഉയര്‍ത്താന്‍ റഷ്യയുടെ സഹായം ഉണ്ടാകും. ആണവോര്‍ജ റിയാക്ടറുകളിലേക്കുള്ള ആണവ ഇന്ധനം കരാറനുസരിച്ച് റഷ്യ ഇറാന് നല്‍കും. ഉപയോഗിക്കപ്പെട്ട ഇന്ധന ദണ്ഡുകള്‍ റഷ്യക്ക് തന്നെ തിരിച്ചു നല്‍കാനും ധാരണയായിട്ടുണ്ട്. നിര്‍മാണ പ്രവൃത്തികള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിന് കീഴിലായിരിക്കുമെന്ന് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന റോസറ്റോം കോര്‍പ്പറേഷന്‍ വ്യക്തമാക്കി.