9/11ന് ശേഷം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി അമേരിക്കയുടെ കുറ്റസമ്മതം

Posted on: November 13, 2014 2:45 am | Last updated: November 12, 2014 at 11:45 pm

വാഷിംഗ്ടണ്‍: മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ 9/11ന് ശേഷം പരിധി ലംഘിച്ചതായി അമേരിക്കയുടെ കുറ്റസമ്മതം. ഐക്യരാഷ്ട്ര സഭയുടെ പീഡനവിരുദ്ധ സംഘത്തോടാണ് യു എസ് ഇക്കാര്യം തുറന്നു സമ്മതിച്ചത്.
അമേരിക്കയിലും അമേരിക്കക്ക് പുറത്തും നിയമവും മനുഷ്യാവകാശങ്ങളും പരിപാലിക്കുന്നതിലും ഇതിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിലും ഒന്നാം സ്ഥാനത്തെന്ന കാര്യത്തില്‍ യു എസ് അഭിമാനിക്കുന്നുവെന്നാണ് യു എസ് നിയമഉപദേഷ്ടാവ് മാരി മാക്‌ലിയോഡ് പത്തംഗ യു എന്‍ കമ്മിറ്റിക്ക് മുമ്പാകെ വ്യക്തമാക്കിയത്. അതേസമയം, പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അമേരിക്ക പരിധി ലംഘിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കുന്നതായും ഒബാമയെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി. ജോര്‍ജ് ഡബ്ല്യൂ ബുഷ് അധികാരത്തിലെത്തിയതുമുതല്‍ ഒബാമയുടെ ഭരണകാലം വരെ പലപ്പോഴും ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്.