കരുതല്‍ തടങ്കലില്‍ കഴിയുന്നവര്‍ക്കും വോട്ടിന് അവകാശം: തിര.കമ്മീഷന്‍

Posted on: November 13, 2014 6:00 am | Last updated: November 12, 2014 at 11:26 pm

ന്യൂഡല്‍ഹി: കരുതല്‍ തടങ്കലില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയരംഗത്ത് പ്രതിയോഗികള്‍ക്കെതിരെ പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണിത്. ഇക്കാര്യത്തില്‍ ഝാര്‍ഖണ്ഡ് അധികാരികള്‍ക്ക് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുന്നുവെന്ന രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പരാതികള്‍ക്കിടെ, ജനപ്രാതിനിധ്യ നിയമത്തിന്റെ 62(അഞ്ച്) വകുപ്പ് ഓര്‍മപ്പെടുത്തി ഝാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തെഴുതി. കരുതല്‍ തടങ്കലില്‍ ഉള്ളവര്‍ക്ക് പോസ്റ്റ് വഴി വോട്ട് ചെയ്യാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം, കരുതല്‍ തടങ്കലില്‍ കഴിയുന്നവരുടെ മേല്‍വിലാസം, ഇലക്ടറല്‍ റോള്‍ നമ്പര്‍ എന്നിവയടക്കം ഓരോ മണ്ഡലത്തിലെയും റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. ഇതുപ്രകാരം തടവിലുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാന്‍ കഴിയും.
നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചിട്ടുണ്ടെന്നും ഇത് കര്‍ശനമായി പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ പറയുന്നു. ഇത്തരത്തില്‍ തടവിലുള്ള ഒരാളുടെ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുടെ മേല്‍വിലാസത്തില്‍ അവ്യക്തത വന്നാല്‍ വിശദാംശങ്ങള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.
ഈ മാസം 25 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് ഝാര്‍ഖണ്ഡിലെയും ജമ്മു കാശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ്.