മാതൃരാജ്യത്തു നിന്നുള്ള ഹെല്‍ത് കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കും

Posted on: November 12, 2014 9:00 pm | Last updated: November 12, 2014 at 9:00 pm

visaഅബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലിക്കായി എത്തുന്നവര്‍ക്ക് മാതൃരാജ്യത്തു നിന്നുള്ള ഹെല്‍ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. എഫ് എന്‍ സി(ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍) ആണ് ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കുന്നത്. ഇത് നിയമമാവുകയാണെങ്കില്‍ ജോലിക്കായി എത്തുന്നവര്‍ മാരകവും സാംക്രമികവുമായ രോഗങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി വന്നാലെ രാജ്യത്ത് പ്രവേശനം ലഭിക്കൂ. ഈ വിഷയത്തില്‍ എഫ് എന്‍ സിയില്‍ ചര്‍ച്ചകള്‍ നടന്നതായി പങ്കെടുത്തവരില്‍ ചിലര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ ഒരു ശുപാര്‍ശ എഫ് എന്‍ സിക്ക് മുമ്പില്‍ താനാണ് സമര്‍പിച്ചതെന്ന് അംഗങ്ങളില്‍ ഒരാളായ അലി ഈസ അല്‍ നുഐമി വ്യക്തമാക്കി. ഇത്തരം ഒരു നിയമം പ്രാബല്യത്തിലായാല്‍ മാരക രോഗങ്ങളുമായി പ്രവാസികള്‍ യു എ ഇയില്‍ എത്തുന്നത് തടയാനും രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട രോഗം പടരുന്നത് ഉള്‍പെടെയുള്ള അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ നുഐമി പറഞ്ഞു.
രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങൡ ആയിരക്കണക്കിന് ഏഷ്യക്കാരാണ് ഹെല്‍ത് പരിശോധനക്കായി എത്തുന്നത്. ഇത് കേന്ദ്രങ്ങളില്‍ ജോലി ഭാരം വര്‍ധിപ്പിക്കുകയാണ്. 40 ലക്ഷം വിദേശികളാണ് യു എ ഇയില്‍ ജോലി ചെയ്യുന്നത്. നിലവില്‍ വിദേശികള്‍ക്കായി പ്രവര്‍ത്തിക്കേണ്ട സ്ഥിതിയിലായി ആരോഗ്യ കേന്ദ്രങ്ങള്‍ക്ക്. ആദ്യമായി രാജ്യത്ത് എത്തുന്നവര്‍ സ്വന്തം നാടുകളില്‍ നിന്നുള്ള ഹെല്‍ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധമാക്കിയാല്‍ ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.