നിയമം ലംഘിച്ചാല്‍ പിഴ 30,000 ദിര്‍ഹം വരെ

Posted on: November 12, 2014 8:00 pm | Last updated: November 12, 2014 at 8:22 pm

ദുബൈ: ട്രാം ഗതാഗത സംവിധാനത്തില്‍ നിയമലംഘനമുണ്ടായാല്‍ കനത്ത പിഴ. റോഡ്-ട്രാം ഇന്റര്‍സെക്ഷനുകളില്‍ ചുകപ്പ് തെളിയുമ്പോള്‍ വാഹനം പ്രവേശിക്കുകയും മരണകാരണമാകുന്ന അപകടമുണ്ടാക്കുകയും ചെയ്താല്‍ 30,000 ദിര്‍ഹം വരെ പിഴ ഈടാക്കുന്നതിനു പുറമേ ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്യും.
ആര്‍ക്കെങ്കിലും പരുക്കുണ്ടാക്കും വിധമുള്ള അപകടമാണെങ്കില്‍ 15,000 ദിര്‍ഹം വരെയാണു പിഴ. ലൈസന്‍സ് ആറുമാസത്തേക്ക് മരവിപ്പിക്കും.
അപകടമൊന്നും ഉണ്ടായില്ലെങ്കിലും ചുവന്ന ലൈറ്റ് തെളിഞ്ഞുകിടക്കുമ്പോള്‍ ഇന്റര്‍സെക്ഷനുകളില്‍ കടന്നാല്‍ നിയമനടപടിയുണ്ടാകും. 5,000 ദിര്‍ഹം വരെ പിഴ ഈടാക്കും. കൂടാതെ ലൈസന്‍സ് മൂന്നുമാസത്തേക്കു മരവിപ്പിക്കുകയും ചെയ്യും.
അനുവദനീയമായ സ്ഥലങ്ങളിലല്ലാതെ ട്രാക്കിനു കുറുകെ കടന്നാല്‍ പിഴ 1000 ദിര്‍ഹം. നിരോധിത മേഖലകളില്‍ കടന്നാലും 1,000 ദിര്‍ഹം പിഴയൊടുക്കണം. ട്രാം ട്രാക്കില്‍ ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ പിഴ 500 ദിര്‍ഹം. ട്രാമിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാകുന്ന വിധത്തിലുള്ള പ്രവൃത്തികള്‍ക്കുള്ള പിഴ 2,000 ദിര്‍ഹം. ട്രാം ഗതാഗതം തടസ്സപ്പെടുത്തിയാല്‍ പിഴ 3,000 ദിര്‍ഹം.