Connect with us

Wayanad

താക്കീതായി ബസുടമകളുടെയും തൊഴിലാളികളുടെയും കലക്ടറേറ്റ് മാര്‍ച്ച്

Published

|

Last Updated

കല്‍പ്പറ്റ:വയനാട് ജില്ലയിലെ സ്വകാര്യബസ്സ് മേഖല അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ബസ്സുടമകളും തൊഴിലാളികളും സംയുക്തമായി കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലയില്‍ പാരലല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുക, തൊഴിലാളികള്‍ക്കെതിരെയുള്ള പോലീസ്, ആര്‍ ടി ഒ, എക്‌സൈസ് ഉദ്യോഗസ്ഥരുടെ പീഢനങ്ങള്‍ അവസാനിപ്പിക്കുക, പെര്‍മിറ്റും ടൈം ഷീറ്റുമില്ലാതെ സ്വകാര്യബസുകള്‍ക്ക് പാരലായി സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടിസിക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുക. വാഹനാപകടങ്ങള്‍ സംഭവിക്കുമ്പോള്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം ബസ് തൊഴിലാളികള്‍ക്കെതിരെയും ഉടമക്കെതിരെയും കേസെടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കുക, ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ പീഢിപ്പിക്കുന്ന ആര്‍ ടി ഒ ഉദ്യോഗസ്ഥരുടെ നടപടികള്‍ അവസാനിപ്പിക്കുക, തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും. കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ പി സത്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ പി പി ആലി, കെ കെ ഹംസ, കെ ശ്രീനിവാസന്‍, ഇ ജെ ബാജു, സി കെ സുരേന്ദ്രന്‍, കെ ബി രാജുകൃഷ്ണ, എം എ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. എം എസ് സുരേഷ്ബാബു സ്വാഗതവും എം വൈ എല്‍ദോ നന്ദിയും പറഞ്ഞു.
മാര്‍ച്ചിന് പി കെ രാജശേഖരന്‍, പി പി സജി, ബ്രിജേഷ് കെ തോമസ്, ജോര്‍ജ് തോമസ്, ടി എന്‍ സുരേന്ദ്രന്‍, സി അബ്ബാസ്, ചാക്കോ, എം പി മുഹമ്മദ്, പി കെ ഹരിദാസ്, കെ എം ജോര്‍ജ്, മുരളി പുറത്തൂട്ട്, കെ വൈ ജോണി, എന്‍ വി സനൂപ്, ബീരാന്‍കുട്ടി ഹാജി, ബാബുരാജ്, സജി പുല്‍പ്പള്ളി, ലിജു തോമസ്, ഉസ്മാന്‍, പി കെ റെജി, രാജു നമ്പ്യാര്‍കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.