Connect with us

Malappuram

കഞ്ഞിപ്പുര - മൂടാല്‍ ബൈപ്പാസ്: കെട്ടിടങ്ങളുടെ വില നിര്‍ണയം പൂര്‍ത്തിയായി

Published

|

Last Updated

മലപ്പുറം: കഞ്ഞിപ്പുര – മൂടാല്‍ ബൈപ്പാസ് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
റോഡ് നിര്‍മാണത്തിന് വേണ്ടി പൊളിക്കേണ്ട കെട്ടിടങ്ങളുടെയും വീടുകളുടെയും വില നിര്‍ണയം പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പാണ് വില നിര്‍ണയിച്ചത്. നഷ്ടപെടുന്ന വൃക്ഷങ്ങളുടെ വിലനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. കൃഷി വകുപ്പാണ് വൃക്ഷങ്ങളുടെ വില നിര്‍ണയിക്കേണ്ടത്. നഷ്ടപെടുന്ന കെട്ടിടങ്ങളെയും അര്‍ഹമായ നഷ്ടപരിഹാരത്തെയും സംബന്ധിച്ച് ഭൂവുടമകളെ അറിയിക്കുന്നതിന് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി.
റോഡ് നിര്‍മാണത്തിനായി 7.2559 ഹെക്റ്ററാണ് ഏറ്റെടുക്കുന്നത്. സ്ഥലം നഷ്ടപെടുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ശുപാര്‍ശ പ്രകാരമുള്ള തുക വേഗത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കലക്ടര്‍ അറിയിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ എം പി കല്ല്യാണികുട്ടി, സ്‌പെഷല്‍ തഹസില്‍ദാര്‍ എസ് ജയശങ്കര്‍ പ്രസാദ്, എക്‌സി. എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍, സ്ഥലമുടമകള്‍ പങ്കെടുത്തു.

Latest