അരമണിക്കൂറോളം മത്സരം മുടങ്ങി പ്രതിഷേധത്തിനായി മേള നിര്‍ത്തിയത് തര്‍ക്കത്തിനിടയാക്കി

Posted on: November 12, 2014 9:51 am | Last updated: November 12, 2014 at 9:54 am

കൊയിലാണ്ടി: ഫിസിക്കല്‍ എജ്യുക്കേഷന്‍ സെന്റര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ റവന്യൂ ജില്ലാ കായികമേളയുടെ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത് വാഗ്വാദത്തിന് കാരണമായി.
കായികാധ്യാപകരുടെ തസ്തികയില്‍ പുതിയ നിയമനങ്ങള്‍ക്ക് സാധുത ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം. ഉച്ചക്ക് പന്ത്രണ്ടരയോടെ വിദ്യാര്‍ഥികള്‍ പ്രകടനമായി ഗ്രൗണ്ടില്‍ എത്തി. ഈ സമയം സമരത്തിന് അനുകൂലമായി വേദിയില്‍ നിന്ന് അനൗണ്‍സ്‌മെന്റ് മുഴങ്ങിയത് ഭരണപക്ഷ അധ്യാപക സംഘടനാ അനുകൂലികളെയും യു ഡി എഫ് അനുകൂലികളെയും ചൊടിപ്പിച്ചു. ഇവര്‍ വേദിയില്‍ എത്തി ബഹളം വെച്ചതോടെ ഇടതുപക്ഷ അധ്യാപക സംഘടനകളും തര്‍ക്കം തുടങ്ങി. സര്‍ക്കാര്‍ സംവിധാനത്തിലുള്ള പരിപാടിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് വേദി ഒരുക്കിയത് ശരിയായില്ലെന്ന നിലപാടാണ് ഭരണപക്ഷ അധ്യാപക സംഘടനയില്‍പ്പെട്ടവര്‍ സ്വീകരിച്ചത്.
എന്നാല്‍ അധ്യാപകരുടെ ജോലി സ്ഥിരതക്ക് വേണ്ടി ഏത് സമരമുറയും ആവാമെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. ബഹളം കാരണം അര മണിക്കൂറോളം മത്സരം മുടങ്ങി.