Connect with us

Kozhikode

ഭക്ഷണം ബാക്കിയായാല്‍ ഇനി പേടിക്കേണ്ട; പാവപ്പെട്ട രോഗികള്‍ക്കും മറ്റും വിതരണം ചെയ്യാന്‍ സംഘം റെഡി

Published

|

Last Updated

കോഴിക്കോട്: സത്ക്കാരങ്ങള്‍ക്ക് ഭക്ഷണം അധികമായാല്‍ ഇനി പേടിക്കേണ്ട. ചെമ്പ് അടക്കം എടുത്തുകൊണ്ടുവന്ന് പാവപ്പെട്ട രോഗികള്‍ക്കും ഭക്ഷണം കിട്ടാതെ അലയുന്നവര്‍ക്കും വിതരണം ചെയ്യുന്ന സംഘം ഇനി റെഡി. കോഴിക്കോട് വെള്ളിപറമ്പിലെ പ്രജീഷും പാലാഴിയിലെ സായിരാജുമാണ് ഡിക്‌സെന്‍സ് എന്ന കമ്പനിയുടെ പേരില്‍ പുതിയൊരാശയത്തിന് തുടക്കമിട്ടത്. ഇത്തരമൊരു സേവനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയ ഇവരെ തേടി കല്യാണ വീടുകളില്‍ നിന്നും ഓഡിറ്റോറിയങ്ങളില്‍ നിന്നും നിരവധി ഫോണ്‍ വിളികളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെയെത്തിയത്. 

ഇത് പ്രകാരം പൊറ്റമ്മലിലെ കല്യാണ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചത് 300 പേര്‍ക്ക് നല്‍കാനുള്ള ഭക്ഷണമാണ്. സാമ്പാറും ചോറും രസവും പായസവുമെല്ലാം അടങ്ങിയ ഭക്ഷണം നഗരത്തിലെ ഭിക്ഷക്കാര്‍ക്ക് വലിയ ആശ്വാസമായി. ബാക്കി വന്നത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗികളോടൊപ്പമുള്ളവര്‍ക്കും കൊടുത്തു. ഇതിന് മുമ്പ് 35 പേര്‍ക്കുള്ള ഭക്ഷണം ഒരു ഉദാരമതി സംഭാവന ചെയ്തു.
ഭക്ഷണം ബാക്കിയുണ്ടെന്നറിയിച്ചാല്‍ വാഹനമയച്ച് എടുത്തുകൊണ്ടു വരും. മെഡിക്കല്‍ കോളജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരും മറ്റും ഡിക്‌സെന്‍സിനിനോട് സഹകരിക്കുന്നുണ്ട്. ആശുപത്രി വാര്‍ഡുകളില്‍ കയറി ആവശ്യക്കാരോട് പാത്രവുമായി വരാന്‍ പറയുന്നത് ഇവരാണ്. ഭക്ഷണം വിതരണം ചെയ്യാന്‍ സുധീഷ്, വിനീഷ്, വിപിന്‍, സുഭീഷ്, ശ്യാംലാല്‍ എന്നിവരുമുണ്ട്. പ്രത്യേക ഫോമില്‍ എഴുതി വാങ്ങിയാണ് ഭക്ഷണം ഏറ്റെടുക്കുന്നത്. പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ വളണ്ടിയര്‍മാരാണ് വിതരണം നടത്തുന്നതും. ഡിക്‌സെന്‍സിന്റെ സേവനത്തിന് 9447984745 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.