Connect with us

Editorial

വിപ്ലവാരിഷ്ടങ്ങള്‍ക്ക് നിയന്ത്രണം

Published

|

Last Updated

സംസ്ഥാനത്ത് അരിഷ്ട നിര്‍മാണത്തിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കയാണ്. മദ്യത്തിന് പകരം ഉപയോഗിക്കാവുന്ന വീര്യം കൂടിയ വിപ്ലവാരിഷ്ടങ്ങളും ഔഷധങ്ങളും ആയുര്‍വേദ മേഖലയില്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. പിപ്പല്യാസവം, ദ്രാക്ഷാരിഷ്ടം, ബലാരിഷ്ടം, ജീരകാരിഷ്ടം, ദശമൂല ജീരകാരിഷ്ടം തുടങ്ങി വിവിധ അരിഷ്ടങ്ങളുടെ പേരുകളിലാണ് ഇവ വിപണിയിലിറങ്ങുന്നത്. പ്രത്യക്ഷത്തില്‍ തനി ഔഷധമെന്ന് തോന്നിക്കുന്ന ഈ ദ്രാവകങ്ങള്‍ അകത്തു ചെന്നാല്‍ നാടന്‍ മദ്യത്തേക്കാള്‍ ഉന്മാദവും വീര്യവും നല്‍കുമത്രെ. എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനകളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം വ്യാജ ഔഷധങ്ങള്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിന് വിഴിഞ്ഞം ഹാര്‍ബര്‍ റോഡിലെ ആയുര്‍വേദ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ 340 ലിറ്റര്‍ വീര്യമുള്ള അരിഷ്ടം പിടികൂടിയിരുന്നു. ഒന്നാം തീയതികളില്‍ മദ്യഷാപ്പുകള്‍ക്ക് അവധിയായതിനാല്‍, മദ്യപന്മാരെ ലക്ഷ്യം വെച്ചായിരുന്നു ഈ അരിഷ്ടങ്ങള്‍ വില്‍പനക്ക് വെച്ചത്. പെരിങ്ങമ്മലയില്‍ വെച്ച് വാഹനത്തില്‍ കൊണ്ടുവരികയായിരുന്ന 150 ലിറ്റര്‍ അരിഷ്ടവും അന്ന് പിടിച്ചെടുത്തു.
2003ല്‍ ചാരായ നിരോധം നടപ്പിലാക്കിയ ഘട്ടത്തില്‍ ഇത്തരം വ്യാജ അരിഷ്ടങ്ങള്‍ വില്‍ക്കുന്ന ആയുര്‍വേദ ശാലകള്‍ സംസ്ഥാനത്തെങ്ങും സജീവമായിരുന്നു. തിരുവനന്തപുരത്ത് ആറ്റിങ്ങലിലെ ശ്രീകൃഷ്ണ ആയുര്‍വേദ ഫാര്‍മസിയില്‍ അന്ന് മറ്റൊരു കടയിലും കാണാത്ത വിധം മരുന്ന് വാങ്ങാനെത്തുന്നവരുടെ വന്‍തിരക്ക് കണ്ടപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പന്തികേട് തോന്നി. വീര്യം കൂട്ടാന്‍ 30 ശതമാനം വരെ സ്പിരിറ്റ് ചേര്‍ത്ത അരിഷ്ടമായിരുന്നു ആ കടയിലെ പൊടിപൊടിച്ച വില്‍പനയുടെ രഹസ്യമെന്ന് പരിശോധനയില്‍ കണ്ടെത്തി. നിശ്ചിത തോതില്‍ കൂടുതല്‍ കഴിച്ചാല്‍ മദ്യത്തെപ്പോലെ ലഹരി ലഭിക്കുന്ന അരിഷ്ടങ്ങള്‍ പല ആയുര്‍വേദ കടകളിലും ലഭ്യമാണ്. സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ മദ്യത്തിന് പകരം ഇത്തരം ഔഷധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. അരിഷ്ടങ്ങള്‍ക്കൊപ്പം ലഹരി അടങ്ങിയ ആയുര്‍വേദ ഗുളികകളും വിപണിയില്‍ ലഭ്യമാണ്.
മികവുറ്റ ചികിത്സാ രീതിയാണ് ആയുര്‍വേദം. ആദ്യകാലത്ത് ഇന്ത്യയുടെ ഏതാനും ഭാഗങ്ങളില്‍ മാത്രം അറിയപ്പെട്ടിരുന്ന ആയുര്‍വേദത്തിന്റെ പ്രചാരം ഇന്ന് ലോകത്തെല്ലാം എത്തിയിട്ടുണ്ട്. രാജ്യത്ത് ആയുര്‍വേദ ചികിത്സക്കായി എത്തുന്ന വിദേശികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ഇപ്പോള്‍ വിപണികളിലെത്തുന്ന “വിപ്ലവാരിഷ്ട”ങ്ങളും ലഹരി ഔഷധങ്ങളും ആയുര്‍വേദത്തിന്റ ഈ സത്‌പേരും പ്രശസ്തിയും വിശ്വാസ്യതയും നഷ്ടമാകാന്‍ ഇടയാക്കും. പാരമ്പര്യ ചികിത്സയും മികച്ച ഔഷധ നിര്‍മാണവും നടത്തുന്ന ആയൂര്‍വേദ സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിലാക്കാനും ഇത് കാരണമാകുമെന്നതിനാല്‍ ആയുര്‍വേദ മേഖലയില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. സംസ്ഥാനത്ത് മദ്യനിരോധം പ്രഖ്യാപിക്കുകയും നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടുകയും ചെയ്ത സാഹചര്യത്തില്‍ വിശേഷിച്ചും. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തോടെ വീര്യം കൂടിയ അരിഷ്ട നിര്‍മാണവും വില്‍പനയും സജീവമാക്കാന്‍ മദ്യ മാഫിയ തയാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണമനുസരിച്ചു അംഗീകൃത ഡോക്ടര്‍മാര്‍ക്കും പ്രത്യേക ലൈസന്‍സുള്ളവര്‍ക്കും മാത്രമായിരിക്കും ഇനി അരിഷ്ടം വില്‍ക്കാന്‍ അനുമതി. മരുന്നു നിര്‍മാണത്തിനുള്ള മാനദണ്ഡങ്ങളും കര്‍ശനമാക്കും. നിയമവിരുദ്ധമായി അരിഷ്ടങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 30,000 രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.
ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത ആയുര്‍വേദത്തില്‍ മാത്രമല്ല, അലോപ്പതി തുടങ്ങി മറ്റു ചികിത്സാ മേഖലകളിലും വ്യാപകമാണ്. കഫ് സിറപ്പുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. ക്രോസിന്‍ ഗുളിക, നെട്രാ വെറ്റ് ടാബ്ലെറ്റ്, മനോരോഗത്തിനുള്ള വിവിധ തരം ഗുളികകള്‍ തുടങ്ങി ലഹരിയുടെ ലോകത്ത് വിഹരിക്കാന്‍ സഹായിക്കുന്ന അലോപ്പതി മരുന്നുകള്‍ ഏറെയുണ്ട്. അംഗീകൃത ഡോക്ടര്‍മാരുടെ കുറിപ്പുണ്ടെങ്കില്‍ മാത്രമേ മരുന്നുകള്‍ വില്‍ക്കാകൂ എന്നാണ് നിയമമെങ്കിലും ആര്‍ക്കും ഏത് മരുന്നുകളും നല്‍കുന്ന മെഡിക്കല്‍ ഷാപ്പുകള്‍ സംസ്ഥാനത്തെമ്പാടുമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചില മരുന്നു ഷാപ്പുകളിലെ രാത്രി വില്‍പന മുഖ്യമായും ലഹരി ഔഷധങ്ങളാണെന്നാണ് പറയപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാനും നിയമ നടപടികള്‍ ആവശ്യമാണ്. അല്ലാത്ത പക്ഷം സര്‍ക്കാറിന്റെ മദ്യനിരോധ നീക്കം കേവലം സാങ്കേതികത്വത്തില്‍ ഒതുങ്ങും.

Latest