Connect with us

Kozhikode

പീഡനം: ദുരൂഹതകള്‍ നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം

Published

|

Last Updated

കുറ്റിയാടി: പാറക്കടവ് ദാറുല്‍ ഹിദായ എല്‍ കെ ജി വിദ്യാര്‍ഥിനി പീഡിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി ദുരൂഹതകള്‍ നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് സിറാജുല്‍ ഹുദ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വൈസ് പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ മാക്കൂല്‍ മുഹമ്മദ് ഹാജി, പ്രിന്‍സിപ്പല്‍ പ്രൊഫ. കുഞ്ഞമ്മദ്, വൈസ് പ്രിന്‍സിപ്പല്‍ ലാലു മാസ്റ്റര്‍, മാനേജര്‍ മുനീര്‍ സഖാഫി, കെ ജി സെക്ഷന്‍ മേധാവി ശശീന്ദ്രന്‍ മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് അബൂബക്കര്‍ ഹാജി പൊന്നംകോട്, ഹമീദ് ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എല്‍ കെ ജി വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ദിവസം കുട്ടി പൂര്‍ണമായും ക്ലാസുകളില്‍ പങ്കെടുത്തതും ക്ലാസ് കഴിഞ്ഞ ഉടനെ ബസില്‍ കയറി സാധാരണ പോലെ വീട്ടില്‍ തിരിച്ചെത്തിയിട്ടുള്ളതുമാണ്. ശേഷം കുട്ടി സ്‌കൂളില്‍ വരാത്തതിന് പനിയാണെന്നാണ് രക്ഷിതാക്കള്‍ മറുപടി പറഞ്ഞത്. സുരക്ഷിതമായി വീട്ടിലെത്തിയ കുട്ടിക്ക് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതെവിടെ നിന്നാണെന്നും ആരില്‍ നിന്നാണെന്നും സമഗ്രവും ശാസ്ത്രീയവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തി ദുരൂഹതകള്‍ നീക്കണം സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും പരിശ്രമിക്കുന്നവര്‍ പ്രസ്ഥാനത്തിന്റെയും സ്ഥാപനത്തിന്റെയും ശത്രുക്കളുമാണ്. വ്യക്തികള്‍ നിയമം കൈയിലെടുത്ത് അരാജകത്വം സൃഷ്ടിക്കുന്നതും ഗൂഢാലോചനയിലൂടെ തെറ്റിദ്ധാരണകള്‍ പരത്തി പ്രശ്‌നം സൃഷ്ടിക്കുന്നതും നിയമപരമായി നേരിടും.
പരാമര്‍ശിക്കപ്പെടുന്ന കുട്ടി നാലര വയസ്സ് മാത്രമുള്ള എല്‍ കെ ജി വിദ്യാര്‍ഥിയാണ്. രക്ഷിതാക്കള്‍ പരാതി എഴുതിത്തരാനും കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കാനും സ്‌കൂള്‍ അധകൃതരോട് കൂടി ഡോക്ടറെ സമീപിച്ച് വൈദ്യപരിശോധന നടത്താനും മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ സഹകരിച്ചില്ല. യൂനിഫോമും പാന്റ്‌സും ധരിച്ച മറ്റൊരു വിദ്യാര്‍ഥിയാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞപ്പോള്‍ അത്തരം ഒരു വിദ്യാര്‍ഥിയെ ചൂണ്ടിക്കാട്ടിയപ്പോള്‍ അവനാണെന്ന് സമ്മതിക്കുകയും മറ്റൊരു വിദ്യാര്‍ഥിയെ കാണിച്ചപ്പോള്‍ അവനാണെന്ന് കുട്ടി മാറ്റിപ്പറയുകയും ചെയ്തു. പരാതി ലഭിച്ച നവംബര്‍ ഏഴിന് കുട്ടി കാണിച്ച സ്ഥലമല്ല ഇപ്പോള്‍ കുട്ടി കാണിച്ചു തരുന്നത്.
അത് പോലെ പാന്റ്‌സിന് പകരം മുണ്ട് ധരിച്ച ഒരു വ്യക്തിയാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞ കുട്ടി ഇപ്പോള്‍ നാലാളുകളുണ്ടായിരുന്നുവെന്നും രണ്ടാളുകള്‍ ഓടിപ്പോയെന്നും ഒരാള്‍ പീഡിപ്പിക്കുകയും മറ്റൊരാള്‍ നോക്കിനില്‍ക്കുകയും ചെയ്തു. രക്ഷിതാക്കളോട് പറഞ്ഞതായി രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. പ്രസ്തുത കുട്ടി മുഖേനെ പീഡിപ്പിച്ച കുട്ടിയെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ പ്രസിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും രക്ഷിതാക്കള്‍ അതിന് സഹകരിച്ചില്ല. ഈ മാസം പത്തിന് തിങ്കളാഴ്ച അതിരാവിലെ പോലീസ് സ്റ്റേഷനില്‍ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ മാക്കൂല്‍ മുഹമ്മദ് ഹാജി എസ് ഐയോട് പരാതി പറയുകയും സ്‌കൂള്‍ തുറന്ന ശേഷം പ്രിന്‍സിപ്പലും മാനേജരും കെ ജി വിഭാഗം ഹെഡ് ശശി മാസ്റ്ററും ചേര്‍ന്ന് പരാതി എഴുതിക്കൊടുക്കുകയുമാണുണ്ടായത്.
മാനേജ്‌മെന്റ് പോലീസില്‍ പരാതി പറഞ്ഞ ശേഷമാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടതെന്നാണ് അറിവ്. തികച്ചും ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വിഷയത്തില്‍ ഏത് അന്വേഷണത്തിനും മാനേജ്‌മെന്റ് പൂര്‍ണമായും സഹകരിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

Latest