Connect with us

National

എന്നിട്ടും 'പ്രതീക്ഷ' വിടാതെ ശിവസേന

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ച ശിവസേനക്ക് വിശ്വാസ വോട്ടിന്റെ തലേദിവസവും ബി ജെ പിയുമായി ധാരണയിലെത്താമെന്ന് പ്രതീക്ഷ. സഖ്യം പിരിഞ്ഞ് മത്സരിച്ച ശിവസേന ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചതാണ്. എന്നാല്‍, ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ ശിവസേനയെ തഴഞ്ഞ് എന്‍ സി പി നേരത്തേ വെച്ച് നീട്ടിയ പിന്തുണ സ്വീകരിക്കാമെന്ന നിലപാടിലാണ് ബി ജെ പി. അതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് സേന നിശ്ചയിച്ച അനില്‍ ദേശായിയെ ഒഴിവാക്കി സുരേഷ് പ്രഭുവിനെ സത്യപ്രതിജ്ഞ ചെയ്യിച്ചത്. പ്രഭു ശിവസേന വിട്ട് ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും അധികാര വിഭജനത്തില്‍ അന്തിമ ധാരണയിലെത്താനാകുമെന്നാണ് ശിവസേനാ നേതൃത്വം ശുഭാപ്തി പ്രകടിപ്പിക്കുന്നത്.
ബി ജെ പിയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെച്ചുവെന്ന് പാര്‍ട്ടി വക്താവ് നീലം ഗോറെ പ്രഖ്യാപിച്ചതിന് രണ്ട് മണിക്കൂര്‍ കഴിയുന്നതിന് മുമ്പേ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തിരുത്തുമായി വന്നത് ഇതിന്റെ ഭാഗമാണ്. ചര്‍ച്ചകള്‍ തുടരുകയാണെന്നായിരുന്നു ഉദ്ധവ് പറഞ്ഞത്. അതിനിടെ അധികാരത്തില്‍ പങ്കാളിയായില്ലെങ്കില്‍ തങ്ങളുടെ 63 എം എല്‍ എമാരില്‍ ചിലരെങ്കിലും മറുകണ്ടം ചാടുമെന്ന് ശിവസേന ഭയക്കുന്നുണ്ട്. ഇതില്‍ ചിലരെ ബി ജെ പി ചാക്കിടുന്നുണ്ടെന്ന വാര്‍ത്ത അന്തരീക്ഷത്തിലുണ്ടുതാനും. അതുകൊണ്ട് കൂടിയാണ് അധികാര വിഭജന ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് ശിവസേന തീര്‍ത്ത് പറയാത്തത്.
പ്രതിപക്ഷത്തിരിക്കാനുള്ള ശിവസേനയുടെ തീരുമാനം ബി ജെ പിയെ ഒട്ടും സമ്മര്‍ദത്തിലാക്കുന്നില്ലെന്നതാണ് സത്യം. “അത് ശിവസേനയുടെ തീരുമാനമാണ്. അതില്‍ ബി ജെ പിക്ക് ആശങ്കപ്പെടാനൊന്നുമില്ല. സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാവശ്യമായ സാമാജികരുടെ പിന്തുണയുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല” – സംസ്ഥാന റവന്യൂ മന്ത്രിയും ബി ജെ പിയിലെ മുതിര്‍ന്ന നേതാവുമായ ഏക്‌നാഥ് ഖദ്‌സേ പറഞ്ഞു. എന്നാല്‍ “സ്വാഭാവിക സഖ്യ” ശക്തിയെ വിട്ട് അഴിമതിയാരോപിതമായ എന്‍ സി പിയെ സ്വീകരിക്കുന്നതിലെ അസ്വാഭാവികത പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായിട്ടുണ്ട്.
ഇന്ന് നടക്കുന്ന വിശ്വാസ വോട്ടില്‍ 144 വോട്ട് നേടാനായാല്‍ ആറ് മാസത്തേക്ക് ഫട്‌നാവിസ് മന്ത്രിസഭക്ക് ഭീഷണിയൊന്നുമില്ല. അങ്ങനെയെങ്കില്‍ ശിവസേനയെ പിളര്‍ത്തുന്നതടക്കമുള്ള കുതന്ത്രങ്ങള്‍ക്ക് സമയം ലഭിക്കുകയും ചെയ്യും. കേന്ദ്ര മന്ത്രിസഭാ വികസന ചടങ്ങ് ശിവസേന ബഹിഷ്‌കരിച്ചത് കടന്ന കൈയായിപ്പോയെന്ന നിലപാടിലാണ് ബി ജെ പി. ഈ സാഹചര്യത്തില്‍ ഒരു ഏച്ചുകെട്ടല്‍ നടക്കില്ലെന്ന് തന്നെയാണ് ബി ജെ പി സംസ്ഥാന നേതൃത്വം കരുതുന്നത്. അതേസമയം, ചെറു പാര്‍ട്ടികളെയും എന്‍ സി പിയെയും മാത്രം ആശ്രയിക്കുന്നതിലെ ബുദ്ധിമുട്ട് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. ഏതായാലും ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.