അട്ടപ്പാടി പാക്കേജ് നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് മന്ത്രി കെ സി ജോസഫ്‌

Posted on: November 11, 2014 10:39 pm | Last updated: November 12, 2014 at 12:39 am

പാലക്കാട്:അട്ടപ്പാടി പാക്കേജ് നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് മന്ത്രി കെ സി ജോസഫ് അഭിപ്രായപ്പെട്ടു. ഇതിന്റെ പേരില്‍ സി പി എം സി പി ഐ ഇടത് കക്ഷികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണം.
അട്ടപ്പാടിയിലെ അവലോകന യോഗത്തിലാണ് മന്ത്രിയുടെ കുറ്റസമ്മതം. ശിശുമരണങ്ങള്‍ തുടരുന്ന അട്ടപ്പാടിയില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ പി കെ ജയലക്ഷ്മിയും കെ സി ജോസഫും സന്ദര്‍ശനം നടത്തി. ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രിമാര്‍ വിവരങ്ങള്‍ നേരിട്ട് ആരാഞ്ഞു. പാക്കേജുകളില്‍ വന്ന പാളിച്ചകള്‍ പരിഹരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പാക്കേജുകള്‍ പാളാന്‍ കാരണം. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ മന്ത്രിതല സംഘം സര്‍ക്കാറിനെ അറിയിക്കും. ഇന്നത്തെ മന്ത്രിസഭ യോഗം ഇക്കാര്യം പരിഗണിക്കും. അട്ടപ്പാടിയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് കോടിയുടെ അടിയന്തിര ധന സഹായം അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉപസമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അട്ടപ്പാടിയിലെ പദ്ധതികളുടെ ഏകോപനത്തിന് രണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും. ഐ എ എസ് ഉദ്യോഗസ്ഥരെയാവും നോഡല്‍ ഓഫീസര്‍മാരാക്കുക, അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്നും മന്ത്രി ശിവകുമാര്‍ പറഞ്ഞു.
ശിശുമരണമുണ്ടായ കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അട്ടപ്പാടിയുടെ സമഗ്രവികസനത്തിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഏകോപന സമിതി രൂപവത്കരിക്കും. അതേ സമയം അട്ടപ്പാടിയില്‍ നിന്ന് കഴിഞ്ഞ ദിവസവും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. അണക്കാട് ഊരില്‍ ജടയന്‍ വളര്‍മതി ദമ്പതികളുടെ രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.