Connect with us

International

ഇസിലിന്റെ വളര്‍ച്ചക്ക് കാരണം ഇറാഖ് അധിനിവേശം: ബുഷ്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഇറാഖ് അധിനിവേശമാണ് ഇസില്‍ തീവ്രവാദികളുടെ വളര്‍ച്ചക്ക് കാരണമായതെന്ന കുറ്റസമ്മതവുമായി യു എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷ്. “ഇറാഖിലേക്ക് സൈന്യത്തെ അയച്ചത് ശരിയായ തീരുമാനം തന്നെയായിരിക്കാം. പക്ഷേ അത് പുതിയ തീവ്രവാദി ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരാന്‍ കാരണമായി എന്നതില്‍ ഏറെ ദുഃഖമുണ്ട്. ഇസില്‍ തീവ്രവാദികള്‍ അല്‍ ഖാഇദയേക്കാള്‍ അപകടകാരികളാണ്. അവരെ തകര്‍ത്തേ മതിയാകൂ. അതിന് അമേരിക്കക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ” – സി ബി എസ് ന്യൂസിന് വെള്ളിയാഴ്ച അനുവദിച്ച അഭിമുഖത്തില്‍ ബുഷ് പറഞ്ഞു. ഞായറാഴ്ചയാണ് അഭിമുഖം സംപ്രേഷണം ചെയ്തത്.
ഇറാഖ് ആക്രമണം പ്രഖ്യാപിച്ചപ്പോള്‍ അന്നത്തെ പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അത് കാര്യമായെടുത്തില്ലെന്ന് അഭിമുഖത്തില്‍ ബുഷ് പറയുന്നുണ്ട്. സദ്ദാം പിടിക്കപ്പെട്ടപ്പോള്‍ എഫ് ബി ഐ ഏജന്റ് വഴി താന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെന്ന് ബുഷ് വെളിപ്പെടുത്തുന്നുണ്ട്. “ബുഷ് ഞാന്‍ അങ്ങയെ വിശ്വസിക്കുന്നില്ല” എന്നായിരുന്നുവത്രേ സദ്ദാം പറഞ്ഞത്. ഇറാഖില്‍ സൈനിക സാന്നിധ്യം കുറച്ച പ്രസിഡന്റ് ബരാക് ഒബാമയെ ബുഷ് വിമര്‍ശിക്കുന്നു. ഇറാഖിലെ ക്രമസമാധാനനില സംരക്ഷിക്കാനുള്ള ബാധ്യത അമേരിക്കക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
സദ്ദാം ഹുസൈന്റെ കൈയില്‍ കൂട്ടനശീകരണ ആയുധമുണ്ടെന്ന് ആരോപിച്ച് 2003ല്‍ ബുഷ് ആണ് ഇറാഖ് അധിനിവേശത്തിന് ഉത്തരവിട്ടത്. എന്നാല്‍ സദ്ദാമിന്റെ പക്കല്‍ അത്തരം ഒരു ആയുധവുമുണ്ടായിരുന്നില്ലെന്ന് 2004 ഒക്‌ടോബറില്‍ തന്നെ സി ഐ എ കണ്ടെത്തി. ഇറാഖിനെ മുച്ചൂടും മുടിക്കുകയും സദ്ദാമിനെ തൂക്കിക്കൊല്ലുകയും ചെയ്ത അധിനിവേശത്തിനായി 1.7 ട്രില്യന്‍ അധിക നികുതിയാണ് അമേരിക്കന്‍ പൗരന്‍മാരില്‍ അടിച്ചേല്‍പ്പിച്ചത്. പലിശ കൂടി കണക്കാക്കുമ്പോള്‍ ഇത് ആറ് ട്രില്യണ്‍ വരുമെന്നാണ് വാട്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് കണക്കാക്കുന്നത്.
ഇസില്‍ സംഘത്തിന്റെ വളര്‍ച്ചയില്‍ ബുഷ് പരിതപിക്കുന്നുണ്ടെങ്കിലും 2012ല്‍ ജോര്‍ദാനില്‍ ഇസില്‍ സംഘത്തിന് പ്രഥമിക പരിശീലനം നല്‍കിയത് അമേരിക്കന്‍ ചാര സംഘടന സി ഐ എയായിരുന്നുവെന്ന് വിവിധ ഏജന്‍സികള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. റഷ്യന്‍ സഹായത്തോടെ ഭരണത്തില്‍ തുടരുന്ന സിറിയയിലെ ബശര്‍ അല്‍ അസദിനെതിരെ പോരാടുന്നതിന് വേണ്ടിയായിരുന്നു ഇസില്‍ സംഘത്തെ സി ഐ എ പരിശീലിപ്പെച്ചെടുത്തത്.