വളപുരത്ത് പുതിയ കളിസ്ഥലം നിര്‍മിക്കുന്നു

Posted on: November 10, 2014 5:08 pm | Last updated: November 10, 2014 at 5:08 pm

കൊളത്തൂര്‍: പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വളപുരത്ത് പുതിയ കളിസ്ഥലം നിര്‍മിക്കുന്നു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിന്റെയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കുന്തിപ്പുഴയോരത്ത് ഭാഗികമായി നിര്‍മിച്ച സ്‌റ്റേഡിയത്തിനു അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണു ഈ തീരുമാനം.
7.40 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. കൂടാതെ 2.25 ലക്ഷം രൂപ ചിലവഴിച്ച് പുലാമന്തോള്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടും നിര്‍മിക്കുന്നുണ്ട്. പുഴയോരത്തെ കളിസ്ഥലം വിപുലീകരിച്ച് പുനര്‍ നിര്‍മാണം നടത്താനായിരുന്നു പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം. എന്നാല്‍ പൈക്ക അധികൃതര്‍ പുഴയോരത്ത് പരിശോധന നടത്തി കളിസ്ഥലം പ്രായോഗികമെല്ലന്ന് അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ വളപുരം ജി എം യു പി സ്‌കൂളിന്റെ 65 സ്ഥലത്ത് വിപുലമായ രീതിയില്‍ കളിസ്ഥലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.