ജനപക്ഷ യാത്ര കൊണ്ട് മാത്രം ജനപക്ഷത്തെത്തില്ല: മാത്യു ടി തോമസ്‌

Posted on: November 10, 2014 5:01 pm | Last updated: November 10, 2014 at 5:01 pm

വടകര: ജനവിരുദ്ധ നയങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്നവര്‍ ജനപക്ഷ യാത്ര കൊണ്ട് മാത്രം ജനപക്ഷത്തെത്തില്ലെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എല്‍ എ. എപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് സെന്റര്‍ സംസ്ഥാന സമ്മേളനം വടകര ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴ തെളിവോടുകൂടി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാറിനെ തിരുത്തിക്കുന്നതിന് പകരം അഴിമതിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കെ പി സി സി പ്രസിഡന്റാണ് ജാഥക്ക് നേതൃത്വം നല്‍കുന്നത്. കേരളത്തിന്റെ ധാര്‍മിക ബോധത്തിന് ഏറ്റ പ്രഹരമാണ് ബാര്‍ കോഴ വിവാദം. ജനാധിപത്യ സോഷ്യലിസ്റ്റുകള്‍ രാജ്യത്താകമാനം ഐക്യപ്പെടുമ്പോള്‍ കേരളത്തിലും ഈ ഐക്യം ശക്തമാകേണ്ടതുണ്ടെന്നും എന്നാല്‍ കോര്‍പറേറ്റ് അനുകൂല സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിനൊപ്പം നിന്ന് ഈ ഐക്യം സാധ്യമല്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.
സെന്റര്‍ സംസ്ഥാന പ്രസിഡന്റ് പരശുപയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജനതാദള്‍ ദേശീയ ജന. സെക്രട്ടറി ഡോ. എ നീലലോഹികതദാസ നാടാര്‍ മുഖ്യപ്രഭാഷണം നടത്തി. സി കെ നാണു എം എല്‍ എ, സി കെ ഗോപി, പി എം ജോയ്, ശഫീഖ് മുഹമ്മദ് പ്രസംഗിച്ചു. കെ ലോഹ്യ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എന്‍ കെ സജിത്ത് നന്ദിയും പറഞ്ഞു.
സമഗ്ര വികസനവും കാര്യക്ഷമമായ സിവില്‍ സര്‍വീസും വിഷത്തില്‍ നടന്ന സെമിനാര്‍ ജമീല പ്രകാശം എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറി എ ശ്രീകുമാര്‍, ഇ പി ദാമോദരന്‍ പ്രസംഗിച്ചു.