കൊയിലാണ്ടിയില്‍ കായിക മാമാങ്കത്തിന്റെ മൂന്ന് ദിനങ്ങള്‍

Posted on: November 10, 2014 5:00 pm | Last updated: November 10, 2014 at 5:00 pm

കൊയിലാണ്ടി: കുരുന്നു കായിക പ്രതിഭകളുടെ കുതിപ്പും കിതപ്പുമാണ് ഇന്ന് മുതല്‍ മൂന്ന് നാള്‍ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ പകല്‍ കാഴ്ച. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നായി 3500 ഓളം വിദ്യാര്‍ഥികളാണ് മത്സരത്തിനെത്തുന്നത്. ഉപജില്ലാതല വിജയികളാണ് മത്സരത്തില്‍ പങ്കെടുക്കുക.
കോഴിക്കോട് സായി സെന്ററിലെ രണ്ട് വീതം വിദ്യാര്‍ഥികള്‍ ഓരോ ഇനത്തില്‍ പങ്കെടുക്കും. റിലേ കൂടാതെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍. സ്റ്റേഡിയത്തിലെ സൗകര്യക്കുറവ് പരിഗണിച്ച് ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങള്‍ കുറുവങ്ങാട് മണക്കുളങ്ങര മിനി സ്റ്റേഡിയത്തിലാണ് നടക്കുക. ഇവിടേക്ക് മത്സരാര്‍ഥികളെ എത്തിക്കാന്‍ സംഘാടക സമിതി പ്രത്യേക വാഹന സൗകര്യമൊരുക്കും.
കായിക മേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ഒ എം നമ്പ്യാര്‍ മുഖ്യാതിഥിയായിരിക്കും. കെ ദാസന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും.