അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികള്‍ സമ്പൂര്‍ണ പരാജയം

Posted on: November 10, 2014 5:21 am | Last updated: November 9, 2014 at 11:23 pm

attappadyപാലക്കാട്: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അട്ടപ്പാടിയിലെ ആദിവാസി ജീവിതം മെച്ചപ്പെടുത്താന്‍ പ്രഖ്യാപിച്ച പാക്കേജുകളുടെയും പദ്ധതികളുടെയും ഗുണം ആദിവാസികള്‍ക്ക് ലഭിച്ചില്ല. തുടര്‍ക്കഥയായ നവജാത ശിശുമരണങ്ങള്‍ ഇതിന് തെളിവാണെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഇതുവരെ അട്ടപ്പാടിയില്‍ 19 ഓളം നവജാത ശിശുക്കളാണ് മരിച്ചത്. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന് കാരണം. അട്ടപ്പാടിയില്‍ ശിശുമരണം വ്യാപകമായതോടെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. എന്‍ ആര്‍ എച്ച് എം വഴി 4.355 കോടി രൂപ ചെലവിട്ട് ആരോഗ്യ മേഖലയില്‍ ഏതാനും പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ ഐ ജി എം എസ്, ജനനി സുരക്ഷാ യോജന തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ ആദിവാസികളില്‍ എത്തുന്നില്ല. രോഗികളായ ആദിവാസികള്‍ക്കും ആശുപത്രിയില്‍ കൂടെ താമസിക്കുന്നവര്‍ക്കും നല്‍കാനുള്ള പണം ആശുപത്രികള്‍ക്ക് കിട്ടുന്നില്ല. ഡോക്ടര്‍മാരെ ഇവിടെ നിലനിര്‍ത്താനും കഴിയുന്നില്ല.
കൃഷി വകുപ്പ് 3.5 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പലതും അട്ടപ്പാടിക്ക് ഇണങ്ങുന്നതായിരുന്നില്ല. പരമ്പരാഗത കൃഷി വികസനത്തിനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുന്നതിനുമുള്ള നടപടികളും ഉണ്ടായില്ല. ആദിവാസികളുടെ പ്രധാന ഉപജീവന മാര്‍ഗമായ കന്നുകാലി വളര്‍ത്തല്‍ പാക്കേജില്‍ ഉള്‍പ്പെട്ടില്ല. സാമൂഹിക നീതി വകുപ്പ് നടപ്പാക്കിയ സാമൂഹിക അടുക്കള പദ്ധതി ഇപ്പോള്‍ അവശേഷിക്കുന്നത് 101 ഊരുകളില്‍ മാത്രമാണ്. ഈ വര്‍ഷം മാത്രം ഇതിനായി രണ്ട് കോടിയോളം രൂപയാണ് ചെലവഴിച്ചത്. ഗര്‍ഭിണികള്‍ക്കായി പ്രഖ്യാപിച്ച അമ്മവീട് പദ്ധതി യാഥാര്‍ഥ്യമായില്ല. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രഖ്യാപിച്ച 150 കോടി രൂപയുടെ പദ്ധതിയില്‍ 50 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. വിവിധ വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലാത്തതും ആദിവാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഇണങ്ങാത്ത പദ്ധതികള്‍ നടപ്പാക്കുന്നതുമാണ് പലതും പരാജയപ്പെടാന്‍ പ്രധാന കാരണം.
പദ്ധതികള്‍ പരാജയങ്ങളായിട്ടും ഇതെക്കുറിച്ച് അന്വേഷിക്കുന്നതിന് മന്ത്രിമാര്‍ മാത്രമല്ല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാല്‍ വീണ്ടും ശിശുമരണം കൂടിവരുന്നത് ചര്‍ച്ചയായപ്പോള്‍ അതെക്കുറിച്ച് അന്വേഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ആരോഗ്യ മന്ത്രി വി എസ് ശിവകുമാറും തദ്ദേശ സ്വയംഭരണ മന്ത്രി എം കെ മുനീറും ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കുന്നുണ്ട്. ഇവരോടൊപ്പം ആരോഗ്യ വകുപ്പിലെ ഉന്നത ഉദേ്യാഗസ്ഥരും ഉണ്ടാകും. രാവിലെ പത്തിന് അട്ടപ്പാടിയിലെത്തുന്ന മന്ത്രിമാര്‍ കോട്ടത്തറ ആശുപത്രി, അഗളി സി എച്ച് സി തുടങ്ങിയവടങ്ങില്‍ സന്ദര്‍ശനം നടത്തി അഹാഡ്‌സിന്റെ ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളും ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തും. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച വിദഗ്ധ പരിശോധന നടത്തുന്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘവും ഇന്ന് അട്ടപ്പാടിയിലെത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ. ജമീല, എന്‍ ആര്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ മിന്‍ഹാജ് ആലം, എന്‍ ആര്‍ എച്ച് എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. ദിലീപ് (തൃശൂര്‍), ഡോ. ബിജു (വയനാട്), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ വേണുഗോപാല്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.
ഈ സന്ദര്‍ശനം കൊണ്ട് അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പറ്റില്ലെന്നും ആദിവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആദിവാസി സംഘടനകള്‍ പറയുന്നു. ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമിയും കൃഷി ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കണമെന്നാവശ്യവും ഇവര്‍ ഉന്നയിക്കുന്നു.
ഇതേസമയം, സി പി എം, സി പി ഐ സംഘടനകള്‍ സമരവുമായി രംഗത്തുണ്ട്. സി പി ഐ നേതൃത്വത്തിലുള്ള നിരാഹാര സമരം ഇന്നലെ തുടങ്ങി. ഇന്ന് സി പി എം നേതൃത്വത്തില്‍ എം ബി രാജേഷ് എം പി നിരാഹാര സമരം നടത്തും. സമരങ്ങളും മന്ത്രിമാരുടെ സന്ദര്‍ശനവും അട്ടപ്പാടിയില്‍ കോലാഹാലങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ നരകയാതനയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യമാണ് ആദിവാസികള്‍ ഉയര്‍ത്തുന്നത്.