ന്യൂനപക്ഷ കമ്മീഷന്‍ നോക്കുകുത്തി; കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം

Posted on: November 10, 2014 5:15 am | Last updated: November 9, 2014 at 11:16 pm

കൊല്ലം: ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച ന്യൂനപക്ഷ കമ്മീഷന്‍ നോക്കുകുത്തിയാകുന്നു. 15 മാസത്തിനിടെ 495 കേസുകളില്‍ തീര്‍പ്പാക്കിയത് 96 കേസുകള്‍ മാത്രം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസപരമായ വികസനത്തിനാണ് 2013 ജൂണ്‍ അഞ്ചിന് ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കരിച്ചത്. അന്നു മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ 25 വരെ കമ്മീഷന് മുന്നില്‍ 495 കേസുകളാണ് എത്തിയത്. ഇതില്‍ തീര്‍പ്പാക്കിയത് 96 കേസുകള്‍ മാത്രം. 399 കേസുകള്‍ ഇതുവരെയും തീര്‍പ്പാക്കിയിട്ടില്ല.

അതേസമയം, ന്യൂനപക്ഷ കമ്മീഷന് വേണ്ടി കോടികളാണ് ശമ്പള ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്. കമ്മീഷന്‍ ചെയര്‍മാന്‍ മാത്രം ശമ്പളയിനത്തില്‍ ഇതുവരെ കൈപ്പറ്റിയത് ഇരുപത്തി ഏഴരലക്ഷത്തോളം രൂപയാണ്. ഇതിന് പുറമെ ടെലിഫോണ്‍, യാത്രാച്ചെലവുകള്‍ വേറെയും. കമ്മീഷനിലെ അംഗങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം ഇതുവരെ സര്‍ക്കാര്‍ ചെലവാക്കിയത് പന്ത്രണ്ട് കോടിയോളം രൂപയാണ്. 12 ജീവനക്കാരാണ് കമ്മീഷനിലുള്ളത്. ഇവരുടെ ശമ്പളച്ചെലവിനായി സര്‍ക്കാര്‍ ചെലവഴിച്ച ആകെ തുക 12 കോടിയിലധികവും. ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിന് വേണ്ടി രൂപവത്കരിച്ച കമ്മീഷന്റെ പ്രവര്‍ത്തനം ഒച്ചിഴയുന്ന വേഗത്തില്‍ നീങ്ങുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.