അരിഷ്ട നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറങ്ങി; നിയമം ലംഘിച്ചാല്‍ പിഴ

Posted on: November 10, 2014 5:13 am | Last updated: November 9, 2014 at 11:14 pm

കൊല്ലം: സംസ്ഥാനത്ത് അരിഷ്ട നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇനി മുതല്‍ അരിഷ്ടങ്ങളും ആസവങ്ങളും നിര്‍മിക്കാനുള്ള അധികാരം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും പ്രത്യേക ലൈസന്‍സ് നേടിയവര്‍ക്കും മാത്രമാകും.

മരുന്ന് നിര്‍മാണത്തിന് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തി കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. 1969ലെ സ്പിരിച്ച്വസ് പ്രിപ്പറേഷന്‍സ് നിയമമാണ് ഭേദഗതി ചെയ്തത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ അവര്‍ താമസിക്കുന്ന ജില്ലയിലും സമീപ ജില്ലകളിലും ഉള്‍പ്പെടെ അഞ്ച് ലൈസന്‍സുകള്‍ മാത്രമേ അനുവദിക്കൂ.
നിലവില്‍ ലൈസന്‍സുള്ള അംഗീകൃത ആയുര്‍വേദ ഫാര്‍മസികളുടെ ഏജന്‍സികള്‍ക്ക് തുടര്‍ന്ന് ലൈസന്‍സ് നല്‍കുന്നതും കര്‍ശന പരിശോധനയുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാകും. യോഗ്യത നിര്‍ണയിച്ച് ലൈസന്‍സ് നല്‍കിയാലും അത് ഒരു തവണത്തേക്ക് മാത്രമാകും. ഇപ്രകാരം ലൈസന്‍സ് കിട്ടിയാലും അത് വിപണനത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. ഒരു സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കൂ. ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ അരിഷ്ടവും ആസവവും സീല്‍ഡ് ബോട്ടിലില്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. ഡോക്ടര്‍മാര്‍ക്ക് കൈവശം വെക്കാവുന്ന അരിഷ്ടാസവങ്ങളുടെ അളവും പുനക്രമീകരിച്ചിട്ടുണ്ട്.
നിയമ ലംഘനമുണ്ടായാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി 10,000 രൂപ മുതല്‍ 30,000 രൂപ വരെ പിഴ ചുമത്തും. പുതിയ മദ്യനയം നടപ്പിലായതോട അരിഷ്ട വില്‍പനയും വ്യാജ അരിഷ്ട നിര്‍മാണവും കൂടിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയത്