Connect with us

Kerala

സബ് ഡിസ്ട്രിക്ട് സര്‍വേ ഓഫീസില്‍ തീപ്പിടിത്തം; നിരവധി ഫയലുകള്‍ കത്തിനശിച്ചു

Published

|

Last Updated

കോട്ടയം: ചാലുകുന്നിലെ സബ് ഡിസ്ട്രിക് സര്‍വേ ഓഫീസിലുണ്ടായ അഗ്നിബാധയില്‍ രജിസ്റ്ററുകളും സ്‌കെച്ചുകളുമടക്കം നൂറുകണക്കിന് ഫയലുകള്‍ അഗ്നിക്കിരയായി. സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന സംശയവും ബലപ്പെടുന്നു. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരമനുസരിച്ച് കോട്ടയത്തുനിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിജിലന്‍സ് സംഘം ഇന്ന് മുതല്‍ കോട്ടയം ജില്ലയിലെ സര്‍വേ ഓഫീസുകളില്‍ പരിശോധന നടത്താനിരിക്കെയാണ് ഏഴ് വില്ലേജ് ഓഫീസുകളുടെ പരിധിയിലുള്ള ഇവിടെ തീപ്പിടിത്തമുണ്ടായത്. വിജിലന്‍സ് പരിശോധനക്ക് തൊട്ടുമുമ്പുണ്ടായ തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യത നടന്നിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. മെയിന്‍ സിച്ച് ഓഫ് ആയിരുന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപ്പിടിത്തതിന് കാരണമെന്നും മറ്റ് കാരണമൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കോട്ടയം ചാലുകുന്ന് ജംഗ്ഷന് സമീപം റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിനോട് ചേര്‍ന്നാണ് അഗ്നിബാധയുണ്ടായ കോട്ടയം പ്രിന്‍സിപ്പല്‍ രജിസ്‌ട്രേഷന്‍ സബ് ഡിസ്ട്രിക് സര്‍വേ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ടോറന്‍സ് സര്‍വേ ഓഫീസും സമീപത്തെ മുറിയുമാണ് പൂര്‍ണമായും കത്തിനശിച്ചത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ പൂര്‍ണമായും അഗ്നിക്കിരയായി. മേല്‍ക്കൂരയും പൂര്‍ണമായും കത്തി. മറ്റ് രണ്ട് മുറികളിലേക്ക ്തീപടരുന്നതിനുമുമ്പ് ഫയര്‍ഫോഴ്‌സ് അണച്ചതിനാല്‍ ദുരന്തം ഒഴിവായി.
അയമനം, നാട്ടകം, കോട്ടയം, ചെങ്ങളം, തിരുവാര്‍പ്പ്, വേളൂര്‍, കുമരകം വില്ലേജ് ഓഫീസുകളുടെ പരിധിയിലുള്ള റീസര്‍വേ രേഖകളും സര്‍വേ സ്‌കെച്ചുകളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സര്‍വേ നടപടികള്‍ക്കായി പൊതുജനങ്ങള്‍ നല്‍കിയിരുന്ന അപേക്ഷകള്‍ പൂര്‍ണമായും നശിച്ചു. ഭൂമിയുടെ സര്‍വേ നടത്തി സ്‌കെച്ചും മറ്റും തയാറാക്കി നല്‍കുന്നതായി അപേക്ഷ നല്‍കുന്നവരുടെ പേരില്‍ തുടങ്ങിയ ഫയലുകളാണ് നശിച്ചത്. അതേസമയം, ഇതിന്മേലെടുത്ത നടപടികളുടെ രേഖകള്‍ വില്ലേജ് ഓഫീസില്‍ നിന്നടക്കം ശേഖരിക്കാന്‍ കഴിയുമെങ്കിലും അപേക്ഷകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സര്‍വേ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അശോകന്‍ പറഞ്ഞു.
സ്‌കെച്ചുകള്‍ക്കൊപ്പം അപേക്ഷകള്‍, അപ്രൂവല്‍ രജിസ്റ്റര്‍, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍, ഓഫീസ് ഓര്‍ഡര്‍ രജിസ്റ്റര്‍, എന്നിവ അഗ്നിക്കിരയായിട്ടുണ്ട്. വിജിലന്‍സ് പരിശോധനയുള്ളതിനാല്‍ വേഗത്തില്‍ ഉദ്യോഗസ്ഥരെ കാണിക്കാനുള്ള ഫയലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടുക്കിതിട്ടപ്പെടുത്തിവച്ചിരുന്നതായും അതാണ് കത്തിനശിച്ചതില്‍ ഭൂരിഭാഗമെന്നും ഹെഡ് സര്‍വേയര്‍ എ എം ശാന്തകുമാരി പറഞ്ഞു. എഴ് സ്ഥിരം ജീവനക്കാരുള്‍പ്പെടെ 25 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

 

Latest