Connect with us

National

കാശ്മീരില്‍ ആറ് മന്ത്രിമാരുടെ സ്വത്തില്‍ 1565 ശതമാനം വളര്‍ച്ച

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ വീണ്ടും ജനവിധി തേടുന്ന നാഷനല്‍ കോണ്‍ഫറന്‍സ് മന്ത്രിമാരില്‍ ആറ് പേര്‍ കോടിപതികള്‍. ആദ്യ ഘട്ടത്തിലേക്ക് മത്സരിക്കാനായി നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ആറ് വര്‍ഷത്തിനിടയില്‍ 1,565 ശതമാനത്തോളം വളര്‍ച്ചയാണ് ഇവരുടെ മൊത്തം ആസ്തിയില്‍ ഉണ്ടായത്. ഖുറെസ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നാസിര്‍ അഹമ്മദ് ഖുറെസ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ 2.12 കോടിയുടെ ആസ്തിയുള്ളതായി കാണിച്ചിരിക്കുന്നു.
2008ല്‍ ഇദ്ദേഹം മത്സരിക്കുമ്പോള്‍ 12.73 ലക്ഷമാണ് മൊത്തം ആസ്തിയായി കാണിച്ചിരുന്നത്. ഖറെസി 2009ല്‍ ഉമര്‍ അബ്ദുല്ല മന്ത്രി സഭയിലെ അംഗമായതിന് ശേഷമാണ് സ്വത്തില്‍ വന്‍ വളര്‍ച്ചയുണ്ടായത്. കോടിപതിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രി വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മിയാന്‍ അല്‍ത്താഫ് അഹ്മദാണ്. ഇദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ എട്ട് കോടിയുടെ ആസ്തിയാണ് കാണിച്ചത്. 2008 ലെ തിരഞ്ഞെടുപ്പില്‍ 1.77 കോടിയുടെ ആസ്തി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആറ് വര്‍ഷം കൊണ്ട് 450 ശതമാനം വര്‍ധനവ്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന സജ്ജാദ് അഹ്മദ് കിച്ച്‌ലുവാണ് മന്ത്രിപദത്തിലിരുന്ന് സമ്പാദിച്ചവരില്‍ ഏറ്റവും മുന്നില്‍. 22.50 കോടിയാണ് ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി. 2008ല്‍ ഇത് 10.5 കോടി മാത്രമായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി അക്ബര്‍ ലോനെ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ദോദ അബ്ദുല്‍ മാജിദ് പാര്‍പ്പിട, ഗ്രാമവികസന മന്ത്രി നവാംഗ് റിസ്‌കിന്‍ ജോര എന്നിവരുടെ ആസ്തിയിലും കോടികളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 25നാണ് ആദ്യഘട്ട വോട്ടെടുപ്പ്.

Latest