കേരളം നിതാഖാത്തിന് ശേഷം

Posted on: November 10, 2014 5:28 am | Last updated: November 9, 2014 at 7:30 pm

nitaqatസഊദി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം പ്രവാസികളെയും അവരെ ആശ്രയിക്കുന്നവരെയും എങ്ങനെ പ്രതികൂലമായി ബാധിച്ചുവെന്ന തരത്തിലുള്ള അന്വേഷണങ്ങളുടെ അലയടികള്‍ അമരും മുമ്പെ സ്വദേശിവത്കരണത്തിന്റെ ഗുണഭോക്താക്കള്‍ കൂടിയാണ് മലയാളികളക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളെന്ന വസ്തുതകള്‍ പുറത്ത് വരുന്നു. നിര്‍മാണ മേഖലയിലുണ്ടായ സ്തംഭനം നിതാഖാത്തിന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്ത നടപടി കൂടിയാണ് നിതാഖാത്തെന്ന് വിശദമായ വിലയിരുത്തലുകള്‍ നല്‍കുന്നു.
നിതാഖാത്ത് എന്ന് പേരിട്ടുവിളിക്കുന്ന സഊദിയിലെ പുതിയ പരിഷ്‌കരണങ്ങള്‍ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടിയെങ്കിലും ലക്ഷകണക്കിന് ഇന്ത്യന്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് നിയമവിധേയമായി സഊദിയില്‍ തങ്ങാന്‍ അവസരമുണ്ടാക്കുകയും അവരുടെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷവര്‍ധിക്കുകയുമാണ് ചെയ്തത്. നിയമ പ്രശ്‌നങ്ങളില്‍പെട്ട് നാടണയാന്‍ കഴിയാത്ത ആയിരങ്ങള്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് തിരിക്കാന്‍ കഴിഞ്ഞതും പുതിയ സാഹചര്യത്തിന്റെ ഗുണമാണ്.
കഫീലിന്റെ അടുത്ത് നിന്ന് ഒളിച്ചോടുന്നവരെയാണ് ഹുറൂബ് എന്ന് പറയുന്നത്. സ്‌പോണ്‍സര്‍ തന്റെ കീഴിലുള്ള തൊഴിലാളിയെ കാണാനില്ലെന്നും അയാളെ ഹുറൂബായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുന്നതോടെ തൊഴിലാളിയുടെ ശനിദശയായി. കഫീല്‍ കനിയാതെ ഈ തൊഴിലാളിക്ക് പിന്നീടൊരിക്കലും നാട്ടിലേക്ക് പോകാന്‍ സാധിക്കില്ല. ഹുറൂബ് കെണി മാറിക്കിട്ടുന്നതിന് വേണ്ടി ഏഴായിരം റിയാലും അതിലധികവും നഷ്ടപരിഹാരമാണ് പല സ്‌പോണ്‍സര്‍മാരും ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഗള്‍ഫ് നാടുകളിലെ മലയാള പത്രങ്ങളില്‍ കാണാമായിരുന്നു. സ്‌പോണ്‍സര്‍ ആവശ്യപ്പെടുന്ന സംഖ്യ തരപ്പെടുത്താന്‍ പിരിവ് നത്തേണ്ട അവസ്ഥ സാധാരമായിരുന്നു.
അപകടങ്ങളോ രോഗങ്ങളോ ഉണ്ടായാലും ഹുറൂബിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. മരിച്ചാല്‍ മറവുചെയ്യാനാകാത്ത അവസ്ഥ. വര്‍ഷങ്ങളോളം നാട്ടില്‍ പോകാനാകാതെ ബുദ്ധിമുട്ടിയ ആയിരങ്ങളാണ് ഗള്‍ഫില്‍ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നത്. കാര്യമായ നിയമക്കുരുക്കുകളൊന്നുമില്ലാതെ നാടണയാന്‍ ഇവര്‍ക്ക് സാധിച്ചു. സഊദി നടപ്പാക്കിയ തൊഴില്‍ പരിഷ്‌കാരങ്ങളിലെ ഏറ്റവും മികച്ച മാനുഷിക ഭാവമണിഞ്ഞ പദ്ധതികളിലൊന്നായിരുന്നു ഇത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരും ഉംറ വിസക്കും മറ്റുമായി എത്തി തിരിച്ചുപോകാതിരുന്ന നൂറുകണക്കാനാളുകളും ഇളവുകാലം പ്രയോജനപ്പെടുത്തി തിരിച്ചുപോയി. ഈ പദ്ധതി വന്നിരുന്നില്ലെങ്കില്‍ നൂറു കണക്കിനാളുകള്‍ ഇപ്പോഴും ദുരിതം സഹിച്ച് മണലാര്യണത്തില്‍ കഴിയേണ്ടി വരുമായിരുന്നു.
നിശ്ചിത ശതമാനം സ്വദേശികളെ ജോലിക്ക് നിയോഗിക്കണമെന്ന നിയമമാണ് സഊദിയില്‍ സാധാരണ ബിസിനസ് ചെയ്യുന്നവരെ ഒരു പരിധിവരെയെങ്കിലും കുടുക്കിയിരുന്നത്. ഇതിനെയും നിലവില്‍ സംരംഭകര്‍ മറികടന്നിട്ടുണ്ട്. സ്വദേശി വത്കരണ പദ്ധതിയുടെ പേരില്‍ പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ കുറവാണ് എന്നാണ് ഈ വാദത്തിനുള്ള തെളിവ്. നിലവില്‍ മിക്ക സ്ഥാപനങ്ങള്‍ക്കും സ്‌പോണ്‍സറായി സ്വദേശി തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണം കാര്യമായ പ്രയാസമുണ്ടാക്കിയിട്ടില്ല.
തൊഴിലാളി പ്രശ്‌നത്തില്‍ നിന്ന് മലയാളികളടക്കമുള്ള നിക്ഷേപകര്‍ക്ക് പരിധിവരെ സ്വസ്ഥത നല്‍കുന്നുവെന്നാണ് ഈ മേഖലയില്‍ നിന്നുള്ള പുതിയ വിവരം. നേരത്തെ ഫ്രി വിസയിലെത്തുന്നവരെ തൊഴിലിനു വെക്കുകയും അവര്‍ മെച്ചപ്പെട്ട ഓഫര്‍ ലഭിക്കുമ്പോള്‍ മാറിപ്പോകുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. അതിനാല്‍ മലയാളികളുടെ സ്ഥാപനങ്ങളടക്കം യോഗ്യരായ ജോലിക്കാരെ കിട്ടാതെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ മാത്രമേ ജോലിക്ക് വെക്കാവൂ എന്ന നിയമവും പുറത്ത് ജോലിചെയ്യുന്നത് കുറ്റകരവുമായ സ്ഥിതിയും വന്നതോടെ പുറം പണിക്കാരുടെ മേല്‍ക്കോയ്മ കുറയുകയും തൊഴിലാളികള്‍ ഏതെങ്കിലും ഒരു സ്‌പോണ്‍സറുടെ കീഴിലാവുകയും ചെയ്തു. നാട്ടിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി ബിസിനസ്സില്‍ വിജയിക്കാന്‍ സഊദിയില്‍ മലയാളികളടക്കമുള്ളവര്‍ക്ക് കഴിയുന്നു. മുടക്ക് മുതല്‍ കുറഞ്ഞ കാലം കൊണ്ട് തിരിച്ചുപിടിക്കാന്‍ കഴിയുന്ന രാജ്യമാണ് സഊദിയെന്ന് അനുഭവങ്ങളെ മുന്‍നിറുത്തി മലയാളി ബിസ്‌നസ്സുകാര്‍ പറയുന്നു. ചെറിയ മുതല്‍ മുടക്കോടെ തന്നെ ബസിനസ്സ് ആരംഭിക്കാനും സാധിക്കുന്നു. ഇതിനൊന്നും നിതാഖാത്ത് പോറലേല്‍പ്പിച്ചിട്ടില്ല.
തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നത് വിസ്മരിക്കുന്നില്ല. അതേ സമയം, അതിന്റെ എത്രയോ ഇരട്ടിയാളുകള്‍ക്ക് തങ്ങളുടെ പദവി ശരിയാക്കുന്നതിനും മെച്ചപ്പെട്ട തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ജോലിയെയുക്കുന്നതിനും സാധിച്ചിരിക്കുന്നു എന്ന കാര്യം ചെറുതല്ല.
എപ്പോഴായാലും ഒരിക്കല്‍ മടങ്ങേണ്ടവരാണ് തങ്ങളെന്ന സന്ദേശം പ്രവാസികള്‍ നിതാഖാത്തില്‍ നിന്ന് ഉള്‍ക്കൊള്ളണം. നിതാഖാത്തിന്റെ ഭാഗമായി തിരിച്ചുവന്നവരെ പുനരധിവസിപ്പിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ ഇത് വരെ നമ്മുടെ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കറവപ്പശുവിന് കറവ വറ്റുന്നതോടെ വില ഇടിയും. റിട്ടയര്‍മെന്റ് കാലത്തേക്കുള്ള ഒരുക്കം കൂടി പ്രവാസികള്‍ നടത്തിയില്ലങ്കില്‍ കുടുംബത്തില്‍ തന്നെ അവന്‍ അധികപ്പറ്റാവും. സ്വര്‍ണമുട്ടയിടുന്ന താറാവിനെയാണല്ലൊ എല്ലാവര്‍ക്കും ഇഷ്ട്ം.