ഒ പി ടിക്കറ്റിനും പാസിനും ചാര്‍ജ്ജ് കുത്തനെ കൂടും

Posted on: November 9, 2014 11:43 am | Last updated: November 9, 2014 at 11:43 am

manjeri medicalമഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒ പി ടിക്കറ്റിനും സന്ദര്‍ശന പാസിനും ഒറ്റയടിക്ക് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനം. വര്‍ഷങ്ങളായി ഒ പി ടിക്കറ്റിന് ഒരു രൂപയും സന്ദര്‍ശന പാസിന് രണ്ടു രൂപയുമാണ് ചാര്‍ജ്ജ് ചെയ്തിരുന്നത്. ഇതാണിപ്പോള്‍ അഞ്ചു രൂപയാക്കി വര്‍ധിപ്പിക്കുന്നത്. ജനറല്‍ ആശുപത്രിയായിരിക്കെ എച്ച് ഡി സി ഫണ്ട് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒ പി ടിക്കറ്റിന് ഒരു രൂപ വര്‍ധിപ്പിക്കാന്‍ അന്നത്തെ സൂപ്രണ്ടായിരുന്ന ഡോ. കെ എം സുകുമാരന്‍ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം വ്യാപക പ്രതിഷേധത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നിരാകരിച്ച എം എല്‍ എ അടങ്ങുന്ന എച്ച് ഡി സി യോഗമാണ് ചാര്‍ജ്ജ് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചാര്‍ജ്ജ് വര്‍ധനവ് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റായി ഡോ. ജഷീല്‍ ചുമതലയേല്‍ക്കുകയും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ കാര്‍ഡിയാക് ഒ പി ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ കാത്ത്‌ലാബ് തുടങ്ങാനും യോഗം തീരൂമാനിച്ചു. ഇതിനായി ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് എം എല്‍ എ അറിയിച്ചു. കലക്ടര്‍ കെ ബിജു അധ്യക്ഷത വഹിച്ചു. അഡ്വ. എം ഉമ്മര്‍ എം എല്‍ എ, മംഗലം ഗോപിനാഥ്, അഡ്വ. പി എം സഫറുല്ല, സുപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ പങ്കെടുത്തു.