സഊദി വാഹനാപകടം: ഫാറൂഖിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Posted on: November 9, 2014 10:53 am | Last updated: November 9, 2014 at 10:53 am

ഐക്കരപ്പടി: സഊദിയിലെ ത്വാഇഫിനടുത്തുണ്ടായ കാറപകടത്തില്‍ മരിച്ച ഐക്കരപ്പടി പുത്തുപ്പാടം സ്വദേശി കിഴക്കുങ്ങര മുഹമ്മദ് ഫാറൂഖിന്റെ വസതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. പിതാവ് അലി ഹസന്‍ മുസ്‌ലിയാരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച മുഖ്യമന്ത്രി, ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി. മന്ത്രി എം കെ മുനീര്‍, എം എല്‍ എ മുഹമ്മദുണ്ണി ഹാജി, സുന്നി നേതാക്കളായ സയ്യിദ് അലി ബാഫഖി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ തുടങ്ങിയവരും മറ്റ് സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന, നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്ന ഫാറൂഖിന്റെയും സുഹൃത്തുക്കളായ സഹലിന്റെയും ആശിഖിന്റെയും അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് സുഹൃത്തുക്കളും നാട്ടുകാരും ഇനിയും മോചിതരായിട്ടില്ല. അതിനിടയില്‍ അടുത്ത ദിവസം നാട്ടില്‍ വരാനിരുന്ന ഫാറൂഖ്, കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ വീട്ടിലെത്തിയത് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും താങ്ങാനാകാത്ത നൊമ്പരമായി. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണ് ഫാറൂഖിന്. കാണുന്നവരോടൊക്കെ ഉപ്പ നാളെ വരുമെന്ന സന്തോഷത്തോടെയുള്ള അവരുടെ സംസാരം കേള്‍ക്കുന്നവരുടെ കണ്ണ് നനക്കുന്നതാണ്.
ഫാറൂഖിന്റെയും സഹലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. ആവശ്യമായ രേഖകള്‍ നാട്ടില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ഫാറൂഖിന്റെ സഹോദരന്‍ ജലീലും ഭാര്യാ പിതാവും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നാളെ രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍. ആശിഖിന്റെ മൃതദേഹം ത്വാഇഫില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായി വരികയാണ്.