Connect with us

International

ജറൂസലമിലും വെസ്റ്റ്ബാങ്കിലും വീണ്ടും ഏറ്റുമുട്ടല്‍

Published

|

Last Updated

ജറൂസലം: കിഴക്കന്‍ ജറൂസലമിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ സൈന്യവും ഫലസ്തീന്‍ പ്രക്ഷോഭകരും ഏറ്റുമുട്ടി. മസ്ജിദുല്‍ അഖ്‌സ വിഷയത്തിലാണ് ഇരുവിഭാഗവും ഏറ്റുട്ടിയത്. ജറൂസലമിനെയും റാമല്ലയെയും വേര്‍തിരിക്കുന്ന ഖ്വലന്‍ദിയ ചെക്ക്‌പോസ്റ്റില്‍ ഫലസ്തീന്‍ പ്രക്ഷോഭകരുടെ റാലിക്ക് നേരെ ഇസ്‌റാഈല്‍ റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. സൈന്യത്തിന് നേരെ പ്രക്ഷോഭകര്‍ പെട്രോള്‍ ബോംബെറിയുകയും കല്ലേറ് നടത്തുകയും ചെയ്തു. കിഴക്കന്‍ ജറൂസലമില്‍ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ ഇവിടെ പടക്കം വലിച്ചെറിഞ്ഞും ടയറുകള്‍ കത്തിച്ചും പ്രക്ഷോഭകര്‍ സൈന്യത്തെ നേരിട്ടു. ഷോഫാത് അഭയാര്‍ഥി ക്യാമ്പിന് സമീപമാണ് ഇവിടെ പ്രധാനമായും ഏറ്റുമുട്ടലുണ്ടായത്.
മുസ്‌ലിംകളുടെ വിശുദ്ധ പള്ളികളിലൊന്നായ അല്‍ അഖ്‌സയിലെ ഇസ്‌റാഈല്‍ നടപടിയില്‍ ഫലസ്തീനികളില്‍ ഇസ്‌റാഈലിനെതിരെ പ്രതിഷേധം കനക്കുകയാണ്. ജൂതന്‍മാര്‍ ഇതിനെ ടെമ്പിള്‍ മൗണ്ട് എന്ന് പേരില്‍ വിശുദ്ധ ഗേഹമായി കണക്കാക്കുന്നുണ്ട്. ജൂലൈയിലും ആഗസ്റ്റിലും ഹമാസിനെ ലക്ഷ്യമാക്കി ഇസ്‌റാഇല്‍ നടത്തിയ യുദ്ധത്തില്‍ 2100 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് യു എന്‍ കണക്ക്. ഇതില്‍ പരുക്കേറ്റ ആയിരങ്ങള്‍ ഇപ്പോഴും നരക യാതനയിലാണ്. ആക്രമണം അവസാനിച്ചതോടെയാണ് ഇസ്‌റാഈല്‍ അല്‍ അഖ്‌സ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങളും കടന്നുകയറ്റവും ശക്തമാക്കിയത്. ദശകങ്ങളായി അല്‍ അഖ്‌സയില്‍ ജൂതന്‍മാര്‍ക്ക് പ്രാര്‍ഥനക്ക് ഇസ്‌റാഈല്‍ അനുവാദം നല്‍കിയിരുന്നില്ല.
എന്നാല്‍, ഈയിടെയായി ഇവിടെ ജൂതന്‍മാരെ ഇസ്‌റാഈല്‍ പ്രാര്‍ഥനക്ക് അനുവാദം നല്‍കിയിരുന്നു. ഇതേതുടന്ന് ജൂതന്‍മാരും മുസ്‌ലിംകളും അവിടെ ഏറ്റുമുട്ടലുണ്ടായിരുന്നതിനാല്‍ ഇരുപക്ഷത്തിനും പള്ളിയില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ദശകങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഇങ്ങനെ അടച്ചുപൂട്ടിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈല്‍ പോലീസ് വധിച്ചിരുന്നു. ഫല്‌സ്തീന്‍ ഡ്രൈവര്‍ ഇസ്‌റാഈലുകാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് നാല് പേരും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അല്‍ അഖ്‌സ പള്ളി ഭാഗികമായി തുറക്കാന്‍ ഇസ്‌റാഈല്‍ തീരുമാനിക്കുകയായിരുന്നു.

Latest