Connect with us

International

ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കക്ക് സ്വാഗതം: റഷ്യ

Published

|

Last Updated

മോസ്‌കോ: ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്കയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമായിരിക്കുമെന്ന് റഷ്യ. റഷ്യയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയും വിദേശകാര്യ മന്ത്രിയുമായ സെര്‍ജി ലാവ്‌റോവാണ് ഇന്നലെ ഇക്കാര്യം വ്യക്തമാക്കിയത്. ശരിയായ വഴിയിലുള്ള മുന്നേറ്റമായിരിക്കും ഇതെന്നും ബീജിംഗില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി.
അടുത്ത ആഴ്ച ആസ്‌ത്രേലിയയില്‍ നടക്കുന്ന അപെക് ഉച്ചകോടിയില്‍ ഉക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനും ലോക നേതാക്കളും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഇത്തരമൊരു പ്രസ്താവനയുമായി റഷ്യ രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ ഉക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ അമേരിക്കയെ ഇടപെടാതിരിപ്പിക്കാനാണ് തങ്ങളുടെ ശ്രമം. പക്ഷേ പ്രതിസന്ധി പരിഹരിക്കാനും കീവ് അധികൃതരെയും വിമതരെയും ചര്‍ച്ചയുടെ വഴിയിലേക്ക് കൊണ്ടുവരാനും അമേരിക്ക മുന്‍കൈ എടുത്ത് രംഗത്തു വരികയാണെങ്കില്‍ അത് നല്ലൊരു തീരുമാനമായിരിക്കുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ വിമതരുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന കീവ് നേതൃത്വത്തെ അമേരിക്ക നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ വിമതരെ സഹായിക്കുന്നതിനായി റഷ്യ യുദ്ധടാങ്കുകളോടൊപ്പം സൈന്യത്തെ അതിര്‍ത്തിയിലേക്ക് നിയോഗിച്ചതായി ഇന്നലെ കീവ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഏപ്രില്‍ മുതല്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ 4,000ത്തിലധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു.