കാണാതായ മെക്‌സിക്കന്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയെന്ന് ക്രിമിനല്‍ സംഘം

Posted on: November 9, 2014 12:46 am | Last updated: November 9, 2014 at 12:46 am

MEXICOമെക്‌സിക്കോ സിറ്റി: 40 കോളജ് വിദ്യാര്‍ഥികളെ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായിരിക്കെ, ഇവരെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി ക്രിമിനല്‍ സംഘം രംഗത്തെത്തി. ഇവരുടെ ശരീരങ്ങള്‍ കത്തിച്ചുകളഞ്ഞതായും ഇവര്‍ സമ്മതിച്ചതായി മെക്‌സിക്കോയിലെ ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഇഗ്വാലക്കും അയല്‍പട്ടണമായ കൗലക്കും ഇടയില്‍ വെച്ചാണ് കോളജ് വിദ്യാര്‍ഥികളെ തങ്ങള്‍ക്ക് കൈമാറിയതെന്നും ഇവരില്‍ മുഴുവന്‍ ആണ്‍കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചതായി അറ്റോര്‍ണി ജനറല്‍ ജീസസ് മുറിള്ളോ അവകാശപ്പെട്ടു. ക്രിമിനല്‍ സംഘം കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ കുറ്റസമ്മതത്തെ വിശ്വാസത്തിലെടുക്കാന്‍ കാണാതായവരുടെ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല. തെളിവുകളില്ലാത്ത കാലത്തോളം തങ്ങളുടെ മക്കള്‍ ജീവിച്ചിരിക്കുന്നുവെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.
കോക്കുലയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ക്കിടയില്‍ വെച്ചാണ് ഇവരുടെ മൃതദേഹങ്ങള്‍ ഗ്യാസും ടയറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് 14 മണിക്കൂര്‍ നീണ്ട സമയമെടുത്ത് കത്തിച്ചുകളഞ്ഞതത്രേ. ‘ഈ വാര്‍ത്ത മരണപ്പെട്ട കോളജ് വിദ്യാര്‍ഥികളുടെ കുടുംബങ്ങളില്‍ വേദന സൃഷ്ടിക്കുമെന്നറിയാം. തങ്ങളും അതില്‍ പങ്ക് ചേരുകയാണ്. ഇപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് കോക്കുല മുനിസിപ്പാലിറ്റിയിലെ നിരവധി ജനങ്ങള്‍ കൊലചെയ്യപ്പെട്ടു. എന്നാല്‍, ഡി എന്‍ എ ടെസ്റ്റ് നടത്തി കൊല്ലപ്പെട്ടത് വിദ്യാര്‍ഥികള്‍ ആണോ എന്ന കാര്യം ഉറപ്പാകുന്നത് വരെ ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരും- അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
എന്നാല്‍, കൊല്ലപ്പെട്ടത് കാണാതായ കോളജ് വിദ്യാര്‍ഥികള്‍ തന്നെയാണെന്നതിന് വേണ്ടുവോളം തെളിവുകള്‍ ഉള്ളതായി ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വേണ്ടി ആസ്ട്രിയയിലേക്ക് അയച്ചിരിക്കുകയാണ്.