അട്ടപ്പാടി ശിശുമരണം: അന്വേഷണത്തിന് രണ്ട് മന്ത്രിതല സംഘം

Posted on: November 9, 2014 5:36 am | Last updated: November 9, 2014 at 5:19 pm

chandy ministryതിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് മന്ത്രിതല സംഘങ്ങളെ ചുമതലപ്പെടുത്തി. ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ വെവ്വേറെ പരിശോധിക്കാന്‍ വേണ്ടിയാണിത്. അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണമുണ്ടായ പശ്ചാത്തലത്തിലാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിമാരായ കെ സി ജോസഫും പി കെ ജയലക്ഷ്മിയും എം കെ മുനീറും ചൊവ്വാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി വി എസ് ശിവകുമാറും അട്ടപ്പാടി സന്ദര്‍ശിക്കും. 

അട്ടപ്പാടിയിലെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രി വിലയിരുത്തും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. അട്ടപ്പാടി നിവാസികളുടെ ഭക്ഷണകാര്യങ്ങള്‍, ഓരോ പ്രശ്‌നങ്ങളിലും സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കും.
രണ്ടു സംഘങ്ങളുടെയും അവലോകനം പൂര്‍ത്തിയായശേഷം വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കും. ഇപ്പോള്‍ പുറത്തുവന്ന സംഭവം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാറിന് ലഭിച്ച വിവരം അനുസരിച്ച് അതിശയോക്തിപരമായ വാര്‍ത്തകള്‍ വന്നത്. എങ്കിലും സര്‍ക്കാര്‍ ഇത് ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. അട്ടപ്പാടിയിലെ ശിശുമരണങ്ങളുണ്ടായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേകമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അട്ടപ്പാടിയില്‍ സ്‌പെഷ്യല്‍ ഓഫിസറായി സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ഐ എ എസ് ഉദ്യോഗസ്ഥന്‍ സുബ്ബയ്യയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അദ്ദേഹം നേരിട്ടാണ് ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നത്. തിരുവനന്തപുരത്ത് താന്‍ നേരിട്ടും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാറുണ്ട്. മൂന്നുതവണ താന്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, അട്ടപ്പാടി, പുത്തൂര്‍ ചീരക്കടവൂരില്‍ തലച്ചോര്‍ വളര്‍ച്ചയില്ലാത്ത രണ്ടുകുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം ഇക്കാര്യം അന്വേഷിക്കും. രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.