സ്‌പെക്ട്രം അഴിമതി: മന്‍മോഹന്‍ സിംഗ് രാജിവെക്കേണ്ടിയിരുന്നു- ചിദംബരം

Posted on: November 9, 2014 5:32 am | Last updated: November 9, 2014 at 10:09 am

_Chidambaramന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ലൈസന്‍സ് കേസില്‍ യു പി എ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. കേസ് മുന്‍സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി വിധി കാത്ത് നില്‍ക്കാതെ പ്രധാനമന്ത്രി രാജിവെക്കേണ്ടിയിരുന്നുവെന്ന് ചിദംബരം പറഞ്ഞു. വിവാദമുയര്‍ന്നപ്പോള്‍ തന്നെ 2 ജി സ്‌പെക്ട്രം ലൈസന്‍സ് റദ്ദാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനോട് താന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുടെ ‘2014: ദ ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. നിയമനടപടി ഭയന്ന് തന്റെ നിര്‍ദേശം അംഗീകരിക്കാതിരുന്ന മന്‍മോഹന്‍ സിംഗ് കോടതിയുടെ തീരുമാനത്തിന് വിടുകയായിരുന്നു. അദ്ദേഹത്തിന്റെ നടപടി കോണ്‍ഗ്രസിനെ വേദനിപ്പിച്ചു. കേസ് കുറേ കൂടി നല്ല നിലയില്‍ സര്‍ക്കാറിന് കൈകാര്യം ചെയ്യാമായിരുന്നു. തന്റെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കില്‍ സര്‍ക്കാറിന് ഇത്രയധികം പഴി കേള്‍ക്കേണ്ടിവരില്ലായിരുന്നുവെന്നും ചിദംബരം പറഞ്ഞു. യു പി എ സര്‍ക്കാര്‍ 2 ജി കേസ് കൈകാര്യം ചെയ്തത് പല തരത്തിലാണ്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനക്ക് വന്നിരുന്നില്ല. ഇത് അനൗദ്യോഗികമായി എടുത്ത തീരുമാനമായിരുന്നു.
അഴിമതി ആരോപണം ഇത്രയും വഷളാകാന്‍ കാരണം മന്‍മോഹന്‍ സിംഗിന് പറ്റിയ വീഴ്ചയാണ്. 2ജി അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദം ആരംഭിച്ചപ്പോള്‍ തന്നെ കോടതി വിധി കാക്കാതെ മുഴുവന്‍ ലൈസന്‍സുകളും റദ്ദാക്കേണ്ടിയിരുന്നുവെന്ന് ചിദംബരം പറഞ്ഞു.കോടതി വിധിക്ക് ശേഷമായിരുന്നു അത് ചെയ്തത്.
കോടതിയുടെ ഇടപെടല്‍ ഒഴിവാക്കിയിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടിവരില്ലായിരുന്നു. അന്ന് തീരുമാനം എടുത്തിരുന്നുവെങ്കില്‍ കോടതി വിധി വഴിയുള്ള പരുക്ക് ഇല്ലാതാക്കാനാകുമായിരുന്നുവെന്നും ചിദംബരം പറഞ്ഞു. അതേസമയം ചിദംബരത്തിന്റെ ആരോപണം കോണ്‍ഗ്രസ് തള്ളി.
അദ്ദേഹത്തിന്റെ പ്രസ്താവന പ്രത്യേക വീക്ഷണഗതിയായി കണ്ടാല്‍ മതിയെന്ന്പാര്‍ട്ടി നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.
2007 ഒക്‌ടോബര്‍ 18 ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്‌സനാണ് ലൈസന്‍സ് വിതരണത്തിനുള്ള ശിപാര്‍ശ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടെലികോം കമ്മീഷന്‍ ഇത് അംഗീകരിക്കുകയും ലൈസന്‍സുകള്‍ വിതരണം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നതെന്ന് തിവാരി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് തെറ്റുകള്‍ മറച്ചുവെച്ചുവെന്നതിന്റെ തെളിവാണ് ചിദംബരത്തിന്റെ പ്രസ്താവനയെന്ന് ബി ജെ പി കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസ്താവന ആശങ്കയുണ്ടാക്കുന്നതാണ്. മുന്‍ സര്‍ക്കാറിന് തെറ്റ് പറ്റിയെന്നാണ് അദ്ദേഹം സമ്മതിച്ചിരിക്കുന്നതെന്ന് ബി ജെ പി വക്താവ് സമ്പിത് പാത്ര പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. 2014ല്‍ ആ സര്‍ക്കാറിനെ അവര്‍ പരാജയപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ 2 ജി അഴിമതിയില്‍ സര്‍ക്കാറിന് തീരെ നഷ്ടമുണ്ടായിട്ടില്ലെന്ന മുന്‍ മന്ത്രി കബില്‍ സിബലിന്റെ പ്രസ്താവനക്ക് വിരുദ്ധമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.