Connect with us

Kollam

കൂലി വര്‍ധനവിനെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണം: അസോസിയേഷന്‍

Published

|

Last Updated

കൊല്ലം: കശുവണ്ടി മേഖലയിലെ കൂലി വര്‍ധനവിനെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് കേരള കാഷ്യു പ്രൊസെസ്സേഴ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലി കേരളത്തില്‍ കൂടുതലാണെന്നിരിക്കെ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന കൂലി വര്‍ധനവ് നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
അയല്‍ സംസ്ഥാനമായ തമിഴ്‌നാടുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ ചാക്ക് ഒന്നിന് 750 രൂപ വരെയാണ് കേരളത്തിലെ കൂലിയിനത്തിലെ വര്‍ധനവ്.
ഈ രംഗത്തെ ചില കുത്തക മുതലാളിമാരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ബോണസും കൂലിയും തീരുമാനിക്കുന്നതെന്നും മധ്യവര്‍ഗത്തില്‍ പെട്ട വ്യവസായികളുടെ അവകാശങ്ങളും പരാതികളും കണക്കിലെടുക്കുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ എ എം സലാഹുദ്ദീന്‍, കെ എം നാസര്‍, ആര്‍ വിക്രമന്‍, എം നൗഷാദ് സംബന്ധിച്ചു.

Latest