Connect with us

Kozhikode

മഞ്ഞപ്പിത്തം: മുന്‍കരുതല്‍ വേണമെന്ന് ഡി എം ഒ

Published

|

Last Updated

കോഴിക്കോട്: വിവിധ ആഘോഷ പരിപാടികളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിലൂടെയും പാനീയത്തിലൂടെയുമാണ് മഞ്ഞപ്പിത്തം കൂടുതലും പടരുന്നതായി കണ്ടെത്തിയിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ മോഹനന്‍ അറിയിച്ചു. രോഗം പടരാതിരിക്കാനായി വിവിധ മുന്‍കരുതല്‍ നടപടികള്‍ അദ്ദേഹം അറിയിച്ചു.
പനി, അമിതമായ ക്ഷീണം, ഓക്കാനം, ഛര്‍ദി, വയറുവേദന, കണ്ണിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുന്‍കരുതലായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവു. ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യണം. വിവാഹം പോലുള്ള ചടങ്ങുകളില്‍ പാനീയങ്ങളില്‍ ചേര്‍ക്കുന്ന ഐസ് നല്ലതാണെന്ന് ഉറപ്പ് വരുത്തണം. ഐസ് ഫാക്ടറികളില്‍ ഐസ് ഉണ്ടാക്കാന്‍ ശുദ്ധജലം മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. പൊതുകിണറുകളും വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളവും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക, പഴവര്‍ഗങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ തൊഴിലുടമ ഉറപ്പുവരുത്തുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കണമെന്ന് ഡി എം ഒ അറിയിച്ചു. ഭക്ഷണ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഹോട്ടലുകള്‍, തട്ടുകടകള്‍, കൂള്‍ബാറുകള്‍ എന്നിവ പരിശോധിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ഗൃഹസന്ദര്‍ശനത്തിലൂടെ ബോധവത്കരണം നടത്തുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡി എം നിര്‍ദേശം നല്‍കി.

 

Latest