Connect with us

Ongoing News

ഐ എസ് എല്‍ : കൊല്‍ക്കത്ത വീണു

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ അപരാജിത കുതിപ്പിന് തടയിട്ട് പൂനെ സിറ്റി എഫ് സിയുടെ ശക്തിപ്രകടനം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൂനെ കൊല്‍ക്കത്തയുടെ തട്ടകത്തില്‍ താണ്ഡവമാടിയത്. തോറ്റെങ്കിലും ഏഴു കളിയില്‍ നിന്നു 12 പോയിന്റുകളോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത. ജയത്തോടെ 10 പോയിന്റുമായി എഫ്‌സി പൂനെ സിറ്റി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം അഞ്ചാം സ്ഥാനത്തേക്ക് കയറി കേരളം പൂനെയുടെ കുതിപ്പില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
മത്സരത്തില്‍ പൂനെയാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യ പകുതിയിലെ 35-ാം മിനുട്ടില്‍ ഡുഡുവാണ് സന്ദര്‍ശക ടീമിനെ മുന്നിലെത്തിച്ചത്. പിന്നീട് രണ്ടാം പകുതിയിലെ 55-ാം മിനിറ്റില്‍ കോസ്റ്റാസ് കസോറാനിസും 89-ാം മിനിറ്റില്‍ ഡേവിഡും പൂനെയ്ക്കായി ഗോള്‍ നേടി. 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഫിക്രുവാണ് കൊല്‍ക്കത്തയുടെ ഏകഗോള്‍ നേടിയത്.
പൂനെയുടെ ഡുഡുവാണ് മാന്‍ ഓഫ് ദ മാച്ച്. അത്‌ലറ്റിക്കോയുടെ കവന്‍ ലോബോ എമെര്‍ജിംഗ് പ്ലെയര്‍ ആയും പൂനെയുടെ ഡേവിഡ് കൊളംബയെ ഫിറ്റസ്റ്റ് പ്ലെയറായും തിരഞ്ഞെടുത്തു. കൊളംബ ഇരുപത് വാര അകലെ നിന്ന് തൊടുത്ത ബുള്ളറ്റ് ഗോള്‍ ടൂര്‍ണമെന്റിലെ മികച്ചതായി മാറി.