ബുദ്ഗാം വെടിവെപ്പില്‍ സൈന്യത്തിന്റെ കുറ്റസമ്മതം

Posted on: November 8, 2014 12:50 am | Last updated: November 8, 2014 at 12:50 am

07_army_hooda_2191658eശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബുദ്ഗാമില്‍ രണ്ട് യുവാക്കളുടെ മരണത്തിനും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സൈന്യത്തിന്റെ കുറ്റസമ്മതം. സംഭവത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈന്യം അറിയിച്ചു. ബുദ്ഗാം ജില്ലയിലെ ഛത്തേര്‍ഗാം ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കുന്നതായി വടക്കന്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമവുമായി (എ എഫ് എസ് പി എ) ഇതിന് ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവം കണ്ടുനിന്ന പതിനഞ്ച് സാധാരണക്കാരുടെയും സംഭവ സ്ഥലത്തുണ്ടായിരുന്ന സൈനികന്റെയും മൊഴികള്‍ പരിശോധിക്കുകയാണ്. മരിച്ചവരുടെ അടുത്ത ബന്ധുവിന് പത്ത് ലക്ഷം രൂപ വീതവും പരുക്കേറ്റവരുടെ ബന്ധുവിന് അഞ്ച് ലക്ഷം രൂപ വീതവും പ്രതിരോധ മന്ത്രാലയം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലഫ്റ്റനന്റ് ജനറല്‍ ഹൂഡ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് യുവാക്കള്‍ക്ക് നേരെ സൈന്യം വെടിവെച്ചത്. ചെക്‌പോസ്റ്റില്‍ നിര്‍ത്താനായി മാരുതി കാറിന് കൈകാണിച്ചിട്ടും വകവെക്കാതെ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ ’53 രാഷ്ട്രീയ റൈഫിള്‍സ്’ ജവാന്മാര്‍ കാറിന് നേരെ നിറയൊഴിക്കുകയായിരുന്നു. നൗഗാം- ഫുല്‍വാമ റോഡില്‍ മാരുതി കാറില്‍ തീവ്രവാദികള്‍ പോകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കാര്‍ നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.