Connect with us

National

സൂറത്ത് വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനമിടിച്ച് പോത്ത് ചത്തു; ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ടേക്ക് ഓഫ് സമയത്ത് റണ്‍വേയില്‍ കയറിയ പോത്ത് വിമാനം ഇടിച്ച് ചത്തു. ഗുജറാത്തിലെ സൂറത്ത്് വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് പോത്തിനെ ഇടിച്ചത്. ഇതേത്തുടര്‍ന്ന് വിമാനം നിലത്തിറക്കി. വിമാനത്തില്‍ 140 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരാണ്. പോത്തിനെ ഇടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന് കേട്പാട് സംഭവിച്ചു.
കറുത്ത പശ്ചാത്തലത്തില്‍ പോത്തിനെ കണ്ടില്ലെന്നാണ് സ്‌പൈസ് ജെറ്റ് അറിയിച്ചത്. കേട് പാട് സംഭവിച്ച എന്‍ജിന്‍ പ്രവര്‍ത്തന സജ്ജമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുറച്ച് നാള്‍ മുമ്പ്് ഇത്തരത്തില്‍ ഒരു സംഭവം നാഗ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. റണ്‍വേയില്‍ പന്നിയെ കണ്ടതിനെ തുടര്‍ന്നാണ് അന്ന് കിംഗ്ഫിഷര്‍ വിമാനം റദ്ദ് ചെയ്തത്. കൂടാതെ മുംബൈ വിമാനത്താവളത്തില്‍ തെരുവ് നായ കയറിയതിനെ തുടര്‍്ന്ന് റണ്‍വേ മുപ്പത് മിനിറ്റോളം അടച്ചിട്ടിരുന്നു.
വിമാനം പോത്തിനെ ഇടിച്ച സംഭവത്തെ തുടര്‍ന്ന് സൂറത്തില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങളുടെ പ്രവര്‍ത്തനം അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ വിമാനക്കമ്പനിയാണ് സ്‌പൈസ്‌ജെറ്റ്.
സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ കേന്ദ്ര സിവില്‍ വ്യാമയാന മന്ത്രി ഗജപതി റാവു ഉത്തരവിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോടാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
അപകടം സംബന്ധിച്ച് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കുന്നുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിമാനത്താവളം സന്ദര്‍ശിക്കും. ഇന്നലെ വ്യോമമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീരിക്കണമെന്നാണ് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചത്. എല്ലാ വിമാനത്താവളങ്ങള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിമാനം പോത്തിനെ ഇടിച്ച സംഭവമുണ്ടായ ശേഷവും വിമാനത്താവളത്തില്‍ മതിയായ സുരക്ഷയേര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. സംഭവത്തിന് ശേഷവും ഒരു കൂട്ടം പോത്തുകള്‍ റണ്‍വേയിലേക്ക് പ്രവേശിക്കുന്നതിന്റെ ചിത്രങ്ങള്‍ ഒരു പത്രം പുറത്തുവിട്ടു. കാലികള്‍ക്കും മറ്റ് ജീവികള്‍ക്കും എത് സമയത്തും റണ്‍വേയിലേക്ക് കയറി വരാന്‍ പാകത്തില്‍ ചുറ്റുമുള്ള വേലികള്‍ തകര്‍ന്ന് കിടക്കുകയാണ്. ഇത് പരിശോധിക്കാന്‍ ഇവിടെ ആവശ്യത്തിന് സ്റ്റാഫില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest