മോദി ഭരണത്തില്‍ രാജ്യത്ത് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ നീക്കം: മണിക്ക് സര്‍ക്കാര്‍

Posted on: November 7, 2014 12:36 am | Last updated: November 8, 2014 at 12:03 am

കോഴിക്കോട്: നരേന്ദ്രമോദിയുടെ ഭരണത്തില്‍ രാജ്യത്ത് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നതായി ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍. ബി ജെ പിയാണ് ഭരിക്കുന്നതെങ്കിലും ഭരണം നിയന്ത്രിക്കുന്നത് ആര്‍ എസ് എസാണ്. രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരവും നാനാത്വത്തില്‍ ഏകത്വവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആര്‍ എസ് എസ് മോദിയുടെ ഭരണത്തിലൂടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഒാഫ് ഇന്ത്യയുടെ എട്ടാമത് ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മണിക്ക് സര്‍ക്കാര്‍. കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയുള്ള ഭരണത്തില്‍ സാധാരണക്കാര്‍ തീര്‍ത്തും അവഗണിക്കപ്പെടുകയാണ്. കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിച്ചുള്ള ഭരണത്തില്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ കയറുകയാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും തടയുവാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്താന്‍ കഴിയാത്തത് കാരണം കാര്‍ഷിക ആത്മഹത്യകള്‍ നടക്കുകയാണ്. മഹാത്മാ ഗാന്ധി തൊഴില്‍ദാന പദ്ധതി തകര്‍ത്ത ബി ജെ പി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കുമായി വഴികള്‍ തുറന്നിട്ടിരിക്കുകയാണ്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ ഉള്‍പ്പെടെ സ്വകാര്യ നിക്ഷേപം ക്ഷണിച്ചു വരുത്തുന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപങ്ങള്‍ വിറ്റുതുലക്കുകയാണ്. ആശയരംഗത്തെ ആര്‍ എസ് എസിന്റെ കടന്നു കയറ്റം തടയാന്‍ തൊഴിലാളി വര്‍ഗം ശ്രദ്ധചൊലുത്തണം. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ആര്‍ ശിങ്കാര വേലു അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിരഞ്ജന്‍ ചക്രവര്‍ത്തി, കോഴിക്കോട് മേയര്‍ പ്രൊഫ എ കെ പ്രേമജം, എം എല്‍ എമാരായ എളമരം കരീം, എ പ്രദീപ്കുമാര്‍, കെ കെ ലതിക, പുരുഷന്‍ കടലുണ്ടി, സി ഐ ടി യു സംസ്ഥാന വൈസ്പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍, പി മുകുന്ദന്‍, കെ പി സഹദേവന്‍, കെ വി ജോസ് സംസാരിച്ചു.