ഭീതി പടര്‍ത്തി സ്‌കൂളിന് സമീപം ഗ്യാസ് ഗോഡൗണ്‍

Posted on: November 7, 2014 10:16 am | Last updated: November 7, 2014 at 10:16 am

കോഴിക്കോട്: അഞ്ഞൂറോളം കുട്ടികളുടെ ജീവന് ഭീഷണിയായി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഗോഡൗണ്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പി ടി എയും ജനകീയ സമിതിയും ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കും.
കക്കോടി പടിഞ്ഞാറ്റുംമുറി ജി യു പി സ്‌കൂളിന് ഏതാനും വാര അകലെ ഏതുനിമിഷവും ഭീതിയുളവാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഗോഡൗണിനെതിരെയാണ് പ്രതിഷേധം. ഗോഡൗണിന് തൊട്ടടുത്ത് ഘര്‍ഷണ സാധ്യതയുള്ള ട്രാന്‍സ്‌ഫോര്‍മര്‍, ഇന്റസ്ട്രിയല്‍, ടവര്‍, അലൂമിനിയം ഫാബ്രിക്കേഷന്‍ കടകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് സുരക്ഷാ പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നു.
കക്കോടി ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചിട്ടും യഥാര്‍ഥ വസ്തുത മറച്ചുവെച്ച് ഹൈക്കോടതിയുടെ താത്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഈ ഉത്തരവ് ഉണ്ടായത്.
എന്നാല്‍ ഇതുവരെയും പ്രശ്‌നത്തിന്റെ യാഥാര്‍ഥ്യം കോടതിയെ ബോധ്യപ്പെടുത്താന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. താത്കാലിക ഉത്തരവ് റദ്ദ് ചെയ്യാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഗ്യാസ് ഗോഡൗണ്‍ ഉടമസ്ഥരെ സഹായിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചത്.
ഭരണസമിതിയിലെ ചില അംഗങ്ങള്‍ ഗ്യാസ് ഗോഡൗണ്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് പി ടി എയും ജനകീയ സമിതിയും ഇന്ന് രാവിലെ 10 ന് ഗ്യാസ് ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തുന്നത്. വിഷയത്തില്‍ ഹൈക്കോടതിയില്‍ കക്ഷിചേരുമെന്ന് ജനകീയ സമരസമിതി ഭാരവാഹിയായ ഇ എം ഗിരീഷ്‌കുമാര്‍ അറിയിച്ചു.