മണിയൂരിലെ ജലനിധി പദ്ധതി: സമഗ്ര പഠനം വേണമെന്ന് ഹൈക്കോടതി

Posted on: November 7, 2014 9:57 am | Last updated: November 7, 2014 at 9:57 am

വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ പ്രധാന ജല സ്രോതസ്സായ ചെരണ്ടത്തൂര്‍ ചിറയെക്കുറിച്ച് സ്ഥലം സന്ദര്‍ശിച്ച് സമഗ്ര പഠനം നടത്തി 28 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി ഡബ്ല്യു ആര്‍ ഡി എം നോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ചെരണ്ടത്തൂര്‍ പാടശേഖര സമിതി പ്രസിഡന്റ് കെ കെ സേതുമാധവന്‍ അഡ്വ. പി വിജയഭാനു മുഖേന നല്‍കിയ ഹരജിയിലാണ് നടപടി. ജലനിധി പദ്ധതി നടപ്പാക്കുമ്പോള്‍ ചെരണ്ടത്തൂര്‍ ചിറക്കുണ്ടാകുന്ന പാരിസ്ഥിതികവും ജൈവികവുമായ ദൂഷ്യഫലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ഈ മാസം 22ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുസ്താബ് ഒക്‌ടോബര്‍ 23ന് ഇറക്കിയ ഉത്തരവില്‍ പറഞ്ഞു. ചെരണ്ടത്തൂര്‍ ചിറയില്‍ വന്‍കിട കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രദേശവാസികള്‍ ഒരു വര്‍ഷത്തിലേറെയായി സമരരംഗത്താണ്. പഞ്ചായത്തിലെ ഏറ്റവും പ്രധാന ജല സ്രോതസ്സ് ഭൂഗര്‍ഭ ജലമാണെന്നും കിണറുകളിലൂടെ ഭൂഗര്‍ഭജലം ശേഖരിച്ചുള്ള ചെറുകിട കുടിവെള്ള പദ്ധതികളാണ് അഭികാമ്യമെന്നും നേരത്തെ സി ഡബ്ല്യു ആര്‍ ഡി എം നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നതാണെന്നും ജനകീയ പ്രതിരോധ വേദി അഭിപ്രായപ്പെട്ടു
കാര്‍ഷിക സെമിനാര്‍