പോലീസ് വാദം പൊളിഞ്ഞു; പിടിയിലായവര്‍ തീവ്രവാദികളല്ല

Posted on: November 7, 2014 5:33 am | Last updated: November 7, 2014 at 8:51 am

policeശ്രീനഗര്‍: ലഷ്‌കര്‍ പ്രവര്‍ത്തകരില്‍ നിന്ന് വന്‍ ആയുധ വേട്ട നടത്തിയെന്ന ശ്രീനഗര്‍ പോലീസിന്റെ വാദം പൊളിഞ്ഞു. സംസ്ഥാനത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലഷ്‌കര്‍ പ്രവര്‍ത്തകര്‍ വന്‍തോതില്‍ ശേഖരിച്ച ആയുധങ്ങള്‍ പിടികൂടിയെന്ന് കുറച്ച് ദിവസം മുമ്പാണ് പോലീസ് അവകാശപ്പെട്ടത്. മൂന്ന് എ കെ-47 റൈഫിളുകള്‍, 14 പിസ്റ്റളുകള്‍, രണ്ട് വയര്‍ലെസ്സ് സെറ്റുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ശ്രീനഗറില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന വന്‍ ആയുധ വേട്ടയാണിതെന്നും പോലീസ് കൊട്ടിഘോഷിച്ചിരുന്നു. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തീവ്രവാദികള്‍ നടത്തിയ മുന്നൊരുക്കങ്ങളാണ് തടഞ്ഞതെന്നും പോലീസ് അവകാശപ്പെട്ടു. എന്നാല്‍ പിടിയിലായ രണ്ട് പേരും ലഷ്‌കര്‍ പ്രവര്‍ത്തകരല്ലെന്ന് വെളിപ്പെട്ടതോടെ പോലീസിന്റെ അവകാശവാദങ്ങള്‍ പൊളിയുകയായിരുന്നു. പിടിയിലായവര്‍ ആയുധ മോഷ്ടാക്കളാണെന്നാണ് വ്യക്തമായത്. ആയുധങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് കൊണ്ടുവന്നവയല്ലെന്നും വെള്ളപ്പൊക്കത്തിനിടയില്‍ കോടതി മുങ്ങിയപ്പോള്‍ അവിടെ നിന്നാണ് ഇവര്‍ ആയുധങ്ങള്‍ മോഷ്ടിച്ചതെന്നും കൂടുതല്‍ അന്വേഷണത്തില്‍ വെളിപ്പെട്ടു. അറസ്റ്റിലായ രണ്ട് പേര്‍ക്കും തീവ്രവാദ പശ്ചാത്തലമില്ലെന്ന് പോലീസിന്റെ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
പോലീസ് പിടികൂടിയ സ്വകാര്യ സ്‌കൂള്‍ ഡ്രൈവര്‍ മുഹമ്മദ് ഇര്‍ഫാന്‍ ഹാറൂണ്‍, ശക്കീല്‍ അഹമ്മദ് ഭട്ട് എന്നിവര്‍ ഏതെങ്കിലും തീവ്രവാദി സംഘടനകളില്‍ പ്രവര്‍ത്തിച്ചതായി പോലീസിന് തെളിവ് ലഭിച്ചിട്ടില്ല.
2011ല്‍ കല്ലേറ് കേസില്‍ ഉള്‍പ്പെട്ടതൊഴിച്ചാല്‍ ഇര്‍ഫാനെതിരെ മറ്റ് കേസുകളൊന്നുമില്ല. ഈ കേസില്‍ ഇയാള്‍ 12 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയിരുന്നു. കരുതല്‍ അറസ്റ്റിന്റെ ഭാഗമായി ശക്കീലിനെ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ചതല്ലാതെ ഇയാള്‍ക്കെതിരെയും മറ്റ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഇവര്‍ കോടതിയില്‍ നിന്ന് മോഷ്ടിച്ച ആയുധങ്ങളാണ് പിടികൂടിയതെന്ന് പിന്നീട് പോലീസ് സമ്മതിച്ചു. വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും മുങ്ങിയ കോടതിയിലെ സ്റ്റോര്‍ റൂമില്‍ കയറി ഇവര്‍ ആയുധങ്ങള്‍ തിരഞ്ഞു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ പിന്നീട് വാഹനങ്ങളുമായെത്തി സ്റ്റോര്‍ റൂമിന്റെ പൂട്ടുപൊളിച്ച് ആയുധങ്ങള്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
ആയുധങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് റഡാറില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.