നിയമനത്തിന് വിധവകള്‍ക്ക് പത്ത് വര്‍ഷത്തെ പ്രായപരിധി ഇളവ്

Posted on: November 7, 2014 5:20 am | Last updated: November 6, 2014 at 10:58 pm

job finedതിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ വിധവകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ പത്ത് വര്‍ഷത്തെ ഇളവ് അനുവദിച്ചുകൊണ്ട് ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
സംഘങ്ങളിലെ നിയമനങ്ങളില്‍ പൊതുവിഭാഗത്തിന് 40 വയസ്സ് ഉയര്‍ന്ന പ്രായപരിധിയായി നിശ്ചയിച്ചിട്ടുണ്ട്. അംഗവൈകല്യമുളളവര്‍ക്കും പ്രാഥമിക സംഘങ്ങളില്‍ നിന്ന് അപെക്‌സ്/ സെന്‍ട്രല്‍ സംഘങ്ങളിലേക്ക് നിയമിക്കപ്പെടേണ്ടവര്‍ക്കും പത്ത് വര്‍ഷം പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് അഞ്ച് വര്‍ഷം, വിമുക്തഭടന്‍മാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും മൂന്ന് വര്‍ഷം എന്നിങ്ങനെ നിലവില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ നിന്ന് ഇളവനുവദിച്ചിട്ടുണ്ട്.
ജീവിതത്തില്‍ വളരെയധികം കഷ്ടതകളും ദുരിതവുമനുഭവിക്കുന്ന വിധവകള്‍ക്ക് സഹകരണ സംഘങ്ങളിലെ നിയമനങ്ങളില്‍ പത്ത് വര്‍ഷം വയസ്സിളവനുവദിക്കുന്നത് ഈ വിഭാഗത്തിന് ഏറെ സഹായകരമാകും എന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് സഹകരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.