സഹായക്കപ്പലിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണം: യുദ്ധക്കുറ്റം ചുമത്താനാകില്ലെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

Posted on: November 7, 2014 5:15 am | Last updated: November 6, 2014 at 10:16 pm

വാഷിംഗ്ടണ്‍: 2010ല്‍, ഗാസയിലേക്കുള്ള സഹായ കപ്പല്‍ കൂട്ടത്തിന് നേരെ നടത്തിയ ഗുരുതരമായ കമാന്‍ഡോ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലിനെതിരെ നടപടിയെടുക്കില്ലെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടര്‍. ഇസ്‌റാഈല്‍ ഗാസയില്‍ ഏതെങ്കിലും തരത്തിലുള്ള യുദ്ധക്കുറ്റങ്ങള്‍ ചെയ്തുവെന്നതിന് ന്യായമായ കാരണമൊന്നുമില്ലെന്നാണ് ചീഫ് പ്രോസിക്യൂട്ടര്‍ ഫതൗ ബെന്‍സൗണ്ട ന്യായീകരിച്ചത്. 2010ല്‍ കപ്പലില്‍ നടത്തിയ കമാന്‍േഡാ ആക്രമണത്തില്‍ ഒമ്പത് തുര്‍ക്കി പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഫലസ്തീന്‍ പ്രദേശത്തേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇസ്‌റാഈല്‍ ഇവരെ കൊലപ്പെടുത്തിയത്. ഇസ്‌റാഈല്‍ തീരത്ത് നിന്ന് 130 കി മീ. അകലത്തിലായി 2010 മെയ് 31ന് ആറ് കപ്പലുകള്‍ നങ്കൂരമിട്ടിരുന്നു. ഇവയില്‍, തുര്‍ക്കി ഉടമസ്ഥതയിലുള്ള മാവി മര്‍മര എന്ന ഏറ്റവും വലിയ കപ്പലിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. കപ്പലില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ഇസ്‌റാഈല്‍ സൈന്യം ഉടനെ കപ്പലിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.