Connect with us

Kasargod

കേരളോത്സവം പ്രാഥമികതല വിജയികള്‍ക്ക് ബ്ലോക്ക് തലത്തില്‍ അവസരം നിഷേധിച്ചു

Published

|

Last Updated

ചെറുവത്തൂര്‍: കേരളോത്സവം കലാവിഭാഗം പഞ്ചായത്ത്തല മത്സര വിജയികളെ ബ്ലോക്ക്തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചതായി പരാതി. തങ്ങളെ പടന്ന പഞ്ചായത്തധികൃതര്‍ തഴഞ്ഞതായി മാച്ചിക്കാട്ടെ ബ്രദേര്‍സ് ക്ലബ് പ്രവര്‍ത്തകരാണ് പരാതിപ്പെട്ടത്.
പഞ്ചായത്ത്തല മത്സരത്തില്‍ വിജയിച്ച ക്ലബ്ബിന്റെ കലാവിഭാഗം ടീമിനെ ബ്ലോക്ക്തല മത്സരം അറിയിക്കാതെ അവഗണിക്കുകയായിരുന്നുവെന്നാണ് ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നത്. ബ്ലോക്ക്തല മത്സരങ്ങള്‍ കഴിഞ്ഞതായുള്ള പത്രവാര്‍ത്ത അറിഞ്ഞപ്പോഴാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ അവസരം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
കഴിഞ്ഞ ഇരുപത്തഞ്ച്, ഒക്ടോബര്‍ രണ്ട് എന്നീ തീയ്യതികളിലാണ് പഞ്ചായത്ത്തല കായിക, കലാ മത്സരങ്ങള്‍ നടന്നത്. കായിക മത്സരങ്ങളോടൊപ്പം തിരുവാതിര, ഒപ്പന, നാടോടിനൃത്തം എന്നീ കലാ വിഭാഗത്തിലും ക്ലബ്ബ് പ്രവര്‍ത്തകര്‍ മത്സരിച്ചിരുന്നു. എന്നാല്‍, കലാ വിഭാഗത്തില്‍ എതിരാളികള്‍ ഇല്ലാത്തതിനാല്‍ ഈ ടീമിന് നേരിട്ട് ബ്ലോക്ക്തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ബ്ലോക്ക്തല മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നതിനിടയിലാണ് കഴിഞ്ഞ മൂന്ന്, നാല് തീയ്യതികളില്‍ തിമിരി ഹൈസ്‌കൂളില്‍വെച്ച് ബ്ലോക്ക്തല കലാമത്സരങ്ങള്‍ കഴിഞ്ഞതായി പത്രവാര്‍ത്ത വന്നത്.
പടന്ന പഞ്ചായത്തിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മാച്ചിക്കാട്ടെ ബ്രദേര്‍സ് ക്ലബ്ബ്.